കുറ്റ്യാടി: വടകര താലൂക്കില്‍ സി.എന്‍.ജി ഓട്ടോകള്‍ക്ക് ഇന്ധനം കിട്ടാന്‍ തൊഴിലാളികള്‍ നെട്ടോട്ടമോടുന്നു. പ്രകൃതിസൗഹൃദത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഇത്തരം വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമ്ബോള്‍ അവക്കാവശ്യമായ ഇന്ധനം കിട്ടാനില്ല.
താലൂക്കില്‍ ഇത്തരം 2500 ഓട്ടോകള്‍ ഉണ്ടെന്നാണ് പറയുന്നത്.
നാദാപുരം, കുറ്റ്യാടി ഭാഗത്തുള്ള ഓട്ടോകള്‍ക്ക് നേരത്തെ കുറ്റ്യാടിയിലെ ഒരു പമ്ബില്‍നിന്ന് ഗ്യാസ് വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ വട്ടോളിയില്‍ മാത്രമാണ് ലഭിക്കുന്നത്. സി.എന്‍.ജി വാഹനങ്ങള്‍ അനുദിനം വര്‍ധിക്കുമ്ബോള്‍ ഒരു പമ്ബില്‍പോലും പുതുതായി സി.എന്‍.ജി ലഭ്യമല്ലെന്നതിന് പുറമെ ഒരുവര്‍ഷംകൊണ്ട് വില വര്‍ധിക്കുകയും ചെയ്തു.
2022 സെപ്റ്റംബറില്‍ 80 രൂപയായിരുന്നത് 91 രൂപയായി വര്‍ധിപ്പിച്ചു. വട്ടോളിയിലും പയ്യോളിയിലും മാത്രമാണ് ഇപ്പോള്‍ ഇന്ധനം ലഭിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ കുറ്റ്യാടി പമ്ബില്‍ ഗ്യാസ് വിതരണം നിര്‍ത്തിയതില്‍ പിന്നെ വിതരണം പുനരാരംഭിച്ചില്ല.