ഡോക്ടര്‍മാരുടെ കുറവ്: കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ മാറ്റുന്നു

TalkToday

Calicut

Last updated on Mar 10, 2023

Posted on Mar 10, 2023

മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവുമൂലം ശസ്ത്രക്രിയകള്‍ മാറ്റിവെക്കുന്നു.

മാസത്തില്‍ ഒന്നിടവിട്ടുള്ള ചൊവ്വാഴ്ചകളിലാണ് ശസ്ത്രക്രിയകള്‍ നടന്നുവന്നിരുന്നത്. എന്നാല്‍, ജനുവരിക്കുശേഷം ശസ്ത്രക്രിയ നടക്കുന്നില്ല.

ഈ വിഭാഗത്തില്‍ മാത്രമായി എട്ടു ഡോക്ടര്‍മാരുടെ കുറവാണുള്ളത്. ശസ്ത്രക്രിയകള്‍ നടക്കാത്തത് മൂലം ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും കോട്ടയം ജില്ലയുടെ വിദൂര സ്ഥലങ്ങളില്‍നിന്നുമായി ശസ്ത്രക്രിയകള്‍ക്കു വേണ്ടി എത്തുന്ന രോഗികള്‍ ബുദ്ധിമുട്ടുകയാണ്. ശസ്ത്രക്രിയ വേണ്ടിവരുന്ന ഭൂരിപക്ഷം രോഗികളും മെഡിക്കല്‍ കോളജ് പരിസരത്ത് ഭീമമായ തുക നല്‍കി വീട് വാടകക്ക് എടുത്തു താമസിക്കുകയാണ്.

ശസ്ത്രക്രിയ നീളുന്നതുമൂലം വാടക നല്‍കാന്‍ കഴിയാതെ വീട് ഒഴിയേണ്ട സ്ഥിതിയിലാണ് ചില രോഗികള്‍. ആഗസ്റ്റുവരെ ശസ്ത്രക്രിയ നടത്തുന്നതിനായി രോഗികള്‍ക്ക് തീയതി നല്‍കിയിട്ടുണ്ടെങ്കിലും പറഞ്ഞ തീയതികളില്‍ നടക്കുമെന്ന പ്രതീക്ഷയില്ലെന്ന് രോഗികള്‍ പറയുന്നു. എന്നാല്‍, ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.


Share on

Tags