മാനന്തവാടി: പുരുഷന്മാര്‍മാത്രം കൈയടക്കിയിരുന്ന മത്സ്യ വിപണന മേഖലയില്‍ ചുവടുറപ്പിച്ച് ശോഭ ജയന്‍. മാനന്തവാടി ഒഴക്കോടി മക്കിക്കൊല്ലി പുളിക്കക്കൊയപ്പുറത്ത് ശോഭ ജയന്‍ ആണ് സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖലയില്‍ സജീവ സാന്നിധ്യമായി മാറിയിരിക്കുന്നത്.
മാനന്തവാടിയില്‍ നിന്നും കൊയിലാണ്ടി വരെ ഗുഡ്‌സ് ഓട്ടോറിക്ഷ ഓടിച്ചു പോകും. അവിടെ നിന്നും ഓര്‍ഡര്‍ അനുസരിച്ച് നല്ല മത്സ്യങ്ങള്‍ ഗുഡ്സില്‍ കയറ്റിയശേഷം മാനന്തവാടിയില്‍ എത്തിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. ആദ്യം 23 ഉപഭോക്താക്കളായിരുന്നു ഉണ്ടായിരുന്നത്.
ഇപ്പോള്‍ 500ലധികം സ്ഥിരം ഉപഭോക്താക്കളില്‍ എത്തിനില്‍ക്കുകയാണ്. ഓര്‍ഡറുകള്‍ അനുസരിച്ചും അല്ലാതെയും പത്തിലധികം മത്സ്യങ്ങളാണ് എത്തിച്ചുനല്‍കുന്നത്. മുമ്ബ് പലതരത്തിലുള്ള ബിസിനസുകള്‍ ചെയ്തെങ്കിലും പരാജയപ്പെട്ടിട്ടും ശോഭ തളര്‍ന്നില്ല. ഭര്‍ത്താവ് ജയന്‍ 16 വര്‍ഷമായി മത്സ്യക്കച്ചവടം നടത്തുന്നു.
ഭര്‍ത്താവിന്റെ പിന്തുണയോടെ പുതിയ രീതിയില്‍ മത്സ്യക്കച്ചവട രംഗത്തേക്കിറങ്ങിയ ശോഭക്ക് മക്കളായ വിഷ്ണു, ജിഷ്ണു, അശ്വനി അഭിജിത് എന്നിവരും നല്ല പിന്തുണയാണ് നല്‍കുന്നത്. ഒഴിവുസമയങ്ങളില്‍ അമ്മയെ സഹായിക്കാനും ഓര്‍ഡറുകള്‍ എടുക്കുവാനും ഇവര്‍ തയാറാകുന്നുണ്ട്.
കൊയിലാണ്ടിയില്‍ ചെറിയ ഒരു വഞ്ചിയും ശോഭ സ്വന്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവില്ലാത്ത സമയത്ത് സ്വന്തമായി വാഹനം ഓടിച്ച് കൊയിലാണ്ടിയില്‍ പോയി മത്സ്യം എടുക്കുകയും അവിടന്ന് തിരിച്ചുവരുന്ന വഴിയില്‍ തന്നെ കച്ചവടം ആരംഭിക്കുകയും ചെയ്താണ് വരുന്നത്. നാട്ടുകാരുടെയും ഉപഭോക്താക്കളുടെ സഹകരണമാണ് തന്റെ വിജയത്തിന്റെയും കാരണമെന്ന് ശോഭ ജയന്‍ പറയുന്നു.