സംരംഭകത്വത്തിന് വഴിവിളക്കായി ഷീ കണക്‌ട്

TalkToday

Calicut

Last updated on Mar 8, 2023

Posted on Mar 8, 2023

കോഴിക്കോട്: സംരംഭകത്വത്തിലേക്ക് എത്തുന്ന സ്ത്രീകളുടെ പന്ഥാവില്‍ വഴിവിളക്കായി തെളിയുകയാണ് ഷീ കണക്‌ട്. 'ലിംഗസമത്വത്തിന് സാങ്കേതികവിദ്യ' എന്നതാണ് ഇത്തവണത്തെ വനിതദിന മുദ്രാവാക്യം.

അതിനോട് തീര്‍ത്തും ചേര്‍ത്തുവെക്കാവുന്ന ആശയവും സംരംഭവുമാണ് ഷീ കണക്‌ട്.

പൊതുസമൂഹത്തില്‍ ദൃശ്യത ഇല്ലാത്ത വനിതസംരംഭകരെ ലോകത്തിനു മുന്നിലേക്ക് കൊണ്ടുവരുക, ആത്മവിശ്വാസം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ 'ഷീ കണക്‌ട്' കേരളത്തിലെങ്കിലും പുതുപുത്തന്‍ ആശയമാണ്. വളര്‍ന്നുകൊണ്ടിരിക്കുന്ന സ്ത്രീ സംരംഭകരെ കൂട്ടിച്ചേര്‍ക്കുകയും പരസ്പരം സഹായിക്കുന്ന കണ്ണിയായും പ്രവര്‍ത്തിക്കുകയാണ് ഷീ കണക്‌ട്.

സ്റ്റാര്‍ട്ട് അപുകള്‍, ചെറിയ രീതിയില്‍ ബിസിനസ് തുടങ്ങിയവര്‍, ഓണ്‍ലൈന്‍ സംരംഭകര്‍ എന്നിവര്‍ക്കും ഇവരുടെ ബ്രാന്‍ഡുകള്‍ക്കും ദൃശ്യത കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള സംഗതിയാണ്. അവരെയാണ് ഷീ കണക്‌ട് പ്രധാനമായും അഭിസംബോധന ചെയ്യുന്നത്.

മസ്കത്തില്‍ 17 വര്‍ഷത്തിലധികം ജോലിചെയ്ത ഡോ. ആസ്യ നസീം ഡെന്‍റല്‍ ടൂറിസം രംഗത്തേക്ക് കടക്കുക എന്ന ആഗ്രഹത്തോടെയാണ് കേരളത്തിലേക്ക് തിരിച്ചുവന്നത്. എന്നാല്‍, നിനച്ചിരിക്കാതെ വന്നെത്തിയ കോവിഡ് മഹാമാരി സ്വപ്നങ്ങളെയാകെ തകിടം മറിച്ചു.

മസ്കത്തില്‍ സ്ത്രീകളുടെ രംഗത്ത് പ്രവര്‍ത്തിച്ച അനുഭവ സമ്ബത്തുമായി, ബിസിനസ് രംഗത്തെ വനിതകളെ കൂട്ടിയിണക്കാന്‍ ശ്രമിച്ചെങ്കിലും എവിടെയോ എന്തോ കുഴപ്പമുണ്ടല്ലോ എന്നായിരുന്നു ആസ്യയുടെ ആശങ്ക. അങ്ങനെയാണ് ആസ്യ ഷീ കണക്‌ട് ലോഞ്ച് ചെയ്തത്. വനിതസംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് ഷീ കണക്‌ട് ആദ്യം ചെയ്യുന്നത്. ഇതിനായി ബിസിനസ് മീറ്റ് അപ്പുകളും ക്ലാസുകളും നല്‍കുന്നു.

സംരംഭകര്‍ക്ക് അത്യാവശ്യമായ ബന്ധങ്ങള്‍, പ്രമോഷന്‍ നല്‍കുന്നതിലാണ് ഷീ കണക്ടിന്‍റെ ഊന്നല്‍. വിവിധ രംഗത്ത് പ്രവര്‍ത്തിക്കുന്ന 30, 40 വനിതസംരംഭകരെ മാത്രം ഉള്‍പ്പെടുത്തി ചാപ്റ്ററുകള്‍ ആരംഭിക്കുകയാണ് ആദ്യപടി. ബേക്കര്‍മാര്‍, മേക്ക് അപ് ആര്‍ട്ടിസ്റ്റുകള്‍, ഇന്‍റീരിയര്‍ ഡിസൈനര്‍മാര്‍, ഡ്രസ് ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി ചെറിയ ചെറിയ ചാപ്റ്ററുകള്‍.

ചാപ്റ്ററിലുള്ള മറ്റ് ബിസിനസ് സംരംഭകരെക്കുറിച്ച്‌ ഓരോ സംരംഭകയും തന്‍റെ ഉപഭോക്താക്കളോട് സംസാരിക്കുകയും തനിക്കൊപ്പം മറ്റുള്ളവര്‍ക്ക് വേണ്ടിയും അവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

30ഓളം പേരുള്ള ചാപ്റ്ററില്‍ 29 ബ്രാന്‍ഡ് അംബാസഡര്‍മാരെയും അങ്ങനെ ഓരോ സംരംഭകക്കും ലഭിക്കുന്നു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍മാത്രം ഇപ്പോള്‍ ഷീ കണക്ടിന് ആറ് ചാപ്റ്ററുകളുണ്ട്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും ആഗോളതലത്തിലും ഷീ കണക്ടിന്‍റെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ആസ്യ.

ഷീ കണക്‌ട് നല്‍കുന്ന ആത്മവിശ്വാസത്തിന്‍റെ തണലില്‍ വനിതകളുടെ ബിസിനസുകള്‍ തഴച്ചുവളരുകയാണെന്ന് ഡോ. ആസ്യ സാക്ഷ്യപ്പെടുത്തുന്നു. ഷീ കണക്ടിലെ സംരംഭകരിലേറെയും മലപ്പുറത്തുനിന്നാണ്.

വേസ്റ്റ് വാട്ടര്‍ മാനേജ്മെന്‍റ് പ്ലാന്‍റ് എന്ന ആശയവുമായി എത്തിയ ഷാഹിന, തന്‍റെ ബിസിനസ് പടര്‍ന്നുപന്തലിച്ചപ്പോള്‍ വിദേശത്തുള്ള ഭര്‍ത്താവിനെക്കൂടി സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഈ രംഗത്തെ പ്രമുഖയായ ഷാഹിനയുടേതുപോലെ അനേകം വനിതകളുടെ കഥ പറയാനുണ്ട് ആസ്യക്ക്.

എന്തുകൊണ്ട് സ്ത്രീകളെമാത്രം കണക്‌ട് ചെയ്യുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്. പുരുഷന്മാര്‍ക്ക് ബന്ധങ്ങള്‍ കൂടുതലുണ്ട്. സ്ത്രീകള്‍ക്കാണ് സഹായം ആവശ്യമുള്ളത്. ഓരോ സംരംഭകക്കും ആവശ്യമായ മാനസിക പിന്തുണ നല്‍കുന്നതാണ് ഷീ കണക്ടിന്‍റെ പ്രവര്‍ത്തനങ്ങളുടെ കാതല്‍.


Share on

Tags