പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസില്‍ റോസിലിന്‍, പത്മം എന്നിവരുടെ കൊലപാതകം പുറത്ത് അറിയാതിരിക്കാന്‍ ഭഗവല്‍ സിങിനെ കൊലപ്പെടുത്താന്‍ ഷാഫിയും ലൈലയും പദ്ധതിയിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.രണ്ടു സ്ത്രീകളെ നരബലി നല്‍കിയത് ദേവീപ്രീതിക്കായി ചെയ്തതാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പത്മയ്ക്ക് പതിനയ്യായിരം രൂപയും റോസ്‌ലിയെ ബ്ലൂ ഫിലിമില്‍ അഭിനയിക്കാന്‍ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.
പത്മയെ കൊന്നത് ഷാഫിയും റോസ്‌ലിയെ കൊന്നത് ലൈലയുമാണ്. ഇരുവരുടെയും സ്വകാര്യ ഭാഗങ്ങളില്‍ കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചു. പ്രതികളെ ഈ മാസം 26 വരെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മുഹമ്മദ് ഷാഫി ഒന്നാം പ്രതിയും ഭഗവല്‍ സിംഗ് രണ്ടാം പ്രതിയും ലൈല മൂന്നാം പ്രതിയുമാണ്.
സെപ്റ്റംബര്‍ 26നാണ് പത്മയെ വാഹനത്തില്‍ കയറ്റി ഇലന്തൂരിലെത്തിച്ചത്. 15000 രൂപ നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് കൊണ്ടുവന്നത്. എന്നാല്‍ ഇലന്തൂരിലെ വീട്ടിലെത്തിയതിന് പിന്നാലെ ഇവര്‍ തമ്മില്‍ പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനൊടുവില്‍ ഷാഫിയും ഭഗവല്‍സിങും ലൈലയും ചേര്‍ന്ന് പ്ലാസ്റ്റിക് ചരട് ഉപയോഗിച്ച് കഴുത്ത് മുറുക്കി ബോധംകെടുത്തുകയും തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെവെച്ച് പത്മയുടെ രഹസ്യഭാഗത്ത് കത്തി ഉപയോഗിച്ച് കുത്തുകയും, അതിനുശേഷം കഴുത്തറുത്ത് കൊല്ലുകയുമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്.
ഇലന്തൂര്‍ നരബലി കേസിലെ മുഖ്യ സൂത്രധാരന്‍ ഷാഫിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമയെന്നും ലൈലയ്ക്ക് വിഷാദ രോഗം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും സി എച്ച് നാഗരാജു വ്യക്തമാക്കി.
