കോഴിക്കോട്: പ്രസവ ശസ്ത്രയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രോഗിയില്‍ നിന്ന് തെളിവെടുത്ത് രണ്ട് മാസമായിട്ടും തുടര്‍നടപടിയുണ്ടായിട്ടില്ല.
ആരോഗ്യ മന്ത്രിയെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ ലഭിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞു. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളെതുടര്‍ന്ന് യുവതി വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റാണ്. മന്ത്രിയില്‍ നിന്ന് മറുപടി ലഭിച്ച ശേഷമേ ഇനി ആശുപത്രിയില്‍ നിന്ന് മടങ്ങൂവെന്ന് യുവതി പ്രതികരിച്ചു.
കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയാണ്, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞയിടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വയറിനുള്ളില്‍ കത്രിക ഉണ്ടെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തുകയും കത്രിക പുറത്തെടുക്കുകയുമായിരുന്നു. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്ക് കുടുംബം പരാതി നല്‍കിയതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.