ന്യൂഡല്‍ഹി: സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രിംകോടതിയുടെ നോട്ടിസ്.
ഫെബ്രുവരി 15നകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മുഴുവന്‍ ഹൈക്കോടതികളിലുമുള്ള ഹരജികള്‍ സുപ്രിംകോടതി നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റേതാണ് നടപടി. സ്‌പെഷല്‍ മാര്യേജ് ആക്ടില്‍(എസ്.എം.എ) ഉള്‍പ്പെടുത്തി സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്നാണ് ഹരജികളില്‍ ആവശ്യപ്പെടുന്നത്. കേരളം, ഡല്‍ഹി, ഗുജറാത്ത് ഹൈക്കോടതികളിലാണ് ഈ ആവശ്യത്തില്‍ ഹരജികള്‍ നിലനില്‍ക്കുന്നത്. ഇതിലെല്ലാം ഇനി സുപ്രിംകോടതിയാകും വിധി പറയുക. ഹരജികള്‍ മാര്‍ച്ച് 13ന് കോടതി പരിഗണിക്കും.
ഹരജികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നോഡല്‍ കൗണ്‍സലറായി കനു അഗര്‍വാളിനെ കോടതി നിയമിച്ചു. അരുന്ദതി കട്ജുവിനെ ഹരജിക്കാരുടെ ചുമതലയും ഏല്‍പിച്ചു. ഹരജിക്കാര്‍ക്കു വേണ്ടി ഹാജരാകുന്ന കൗണ്‍സല്‍മാര്‍ സോളിസിറ്റര്‍ ജനറലിനെ കണ്ട് വാദങ്ങളുടെ കാര്യത്തില്‍ വ്യക്തത വരുത്താനും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.