പറവൂരില്‍ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാല്‍മോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാല്‍മോണെല്ലോസിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്ബിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചു.
പറവൂരില്‍ ഇതുവരെ 106 പേരിലാണ് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 16 നാണ് പറവൂരിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തത്.
മയോണൈസ്, അല്‍ഫാം, മന്തി, പെരി പെരിമന്തി, മിക്സഡ് ഫ്രൈഡ് റൈസ് എന്നിവ കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടുള്ളത്. മയോണൈസ് കഴിച്ചവരിലാണ് കൂടുതലും രോഗബാധ ഉണ്ടായിട്ടുള്ളത്. ഭക്ഷണം കഴിച്ച് 5-6 മണിക്കൂറിനു ശേഷമാണ് മിക്കവരിലും പനി, ഛര്‍ദ്ദി, വയറു വേദന , വയറിളക്കം, ഓക്കാനം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് സാല്‍മോണല്ല രോഗബാധ. സാധാരണ കാണുന്ന ഭക്ഷ്യ വിഷബാധക്ക് കാരണം സാല്‍ മോണല്ല ടൈഫിമ്യൂറിയം, സാല്‍മോണല്ല എന്റെറൈറ്റിഡിസ് എന്നിവയാണ്. രോഗാണുക്കളാല്‍ മലിനമായ ഭക്ഷണം കഴിച്ച് 6-48 മണിക്കൂറിനുള്ളിലാണ് രോഗ ലക്ഷണങ്ങള്‍ കാണുന്നത്. തലവേദന , ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, പനി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. 2-3 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ശമിക്കുന്നു. ഒരു ശതമാനം പേരില്‍ രോഗം ഗുരുതരമായി മരണകാരണമാവാം.
മാംസ്യം, കോഴിയിറച്ചി, മുട്ട, മുട്ട കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ എന്നിവയിലാണ് ഈ ബാക്ടീരിയ കണ്ടുവരുന്നത്. പച്ച മുട്ടയോ പച്ച മുട്ടയില്‍ തയ്യാറാക്കുന്ന മയോണൈസ് പോലെയുള്ള വിഭവങ്ങളോ കഴിക്കരുത്.
പ്രധാനമായും കോഴിയുടെ കാഷ്ഠത്തിലും മറ്റും കണ്ടുവരുന്ന ഈ ബാക്ടീരിയ, വിസര്‍ജ്യ പദാര്‍ത്ഥങ്ങള്‍ മാംസവുമായോ, മുട്ടയിലോ കലരാന്‍ ഇടയായാല്‍ രോഗബാധക്ക് കാരണമാകുന്നു. അതിനാല്‍ പൊട്ടിയ മുട്ടകള്‍ ഉപയോഗിക്കരുത്. മുട്ട പൊട്ടിക്കുന്നതിന് മുമ്ബായി പുറം ഭാഗം നന്നായി കഴുകി കാഷ്ഠവും തൂവലും എല്ലാം നീക്കി കഴുകി വൃത്തിയാക്കണം. വൃത്തിയുള്ള സാഹചര്യത്തില്‍ അറവുശാലകള്‍ പ്രവര്‍ത്തിക്കേണ്ടതാണ്
ഭക്ഷ്യ വിഷബാധ തടയാന്‍ ജാഗ്രത വേണം
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യ വിഷ ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും , ഹോട്ടല്‍, കാറ്ററിങ്ങ് , ക്യാമ്ബുകള്‍, ഭക്ഷണ വിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ ( 2023 ജനുവരി 1 മുതല്‍ ) 196 പേര്‍ക്കാണ് ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.സ്കൂള്‍ കോളേജ്, അവധിക്കാല ക്യാമ്ബുകള്‍, ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുമ്ബോള്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച മൂലമോ ആണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതും , മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതും , മലിനമായ ജലത്തില്‍ ആഹാരം പാകം ചെയ്യുന്നതും. ഹോട്ടലുകളിലും മറ്റും ഫ്രിഡ്ജില്‍ മാംസം ഉള്‍പ്പടെയുള്ള ഭക്ഷണസാധനങ്ങള്‍ ദിവസങ്ങളോളം സൂക്ഷിക്കുന്നതും ഇവ ഫ്രിഡ്ജില്‍ തുറന്ന് വെച്ച് മറ്റ് ആഹാര സാധനങ്ങളുമായി കലരുന്നതും, ഇറച്ചി, മീന്‍, പാല്‍, പാലുല്പന്നങ്ങള്‍, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാചകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയവ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം
• പനി,വയറിളക്കം, ഛര്‍ദ്ദി, തലവേദന, വയറുവേദന ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കുക.ലക്ഷണങ്ങള്‍ കണ്ടാലുടനെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്.
• ക്യാമ്ബുകള്‍ പൊതു ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം തയ്യാറാക്കി സൂക്ഷിക്കുമ്ബോള്‍ അവ അടച്ചു സൂക്ഷിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.വൃത്തിയുള്ള സ്ഥലത്ത് ആയിരിക്കണം ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും.
• ഫ്രിഡ്ജില്‍ സൂക്ഷിച്ച പഴകിയ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഫ്രിഡ്ജില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുമ്ബോള്‍ വൃത്തിയുള്ള പാത്രത്തില്‍ പ്രത്യേകം അടച്ചു സൂക്ഷിക്കണം.
• തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുവാന്‍ നല്‍കുക. പച്ചവെള്ളവും , തിളപ്പിച്ച വെള്ളവും മിക്സ് ചെയ്തു ഉപയോഗിക്കരുത്
• പാചകം ചെയ്യുന്നതിനും , പാത്രങ്ങള്‍ കഴുകുന്നതിനും ശുദ്ധമായ ജലം തന്നെ ഉപയോഗിക്കണം.
• കൃത്യമായ ഇടവേളകളില്‍ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യേണ്ടതും, പരിശോധനക്ക് അയക്കേണ്ടതുമാണ്.
• രോഗബാധിതരായ ആളുകള്‍ പാചകം ചെയ്യുന്നതും ഭക്ഷണവിതരണം ചെയ്യുന്നതും ഒഴിവാക്കുക
• സ്കൂളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടതാണ്.
• മാംസാഹാരം തയ്യാറാക്കുമ്ബോള്‍ നന്നായി വേവിച്ച് മാത്രം ഉപയോഗിക്കണം. ഹോസ്റ്റലുകള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം
• ഭക്ഷണം വിളമ്ബുന്ന പാത്രങ്ങള്‍, ഇലകള്‍ എന്നിവ നന്നായി വൃത്തിയാക്കണം,
• കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ഭക്ഷണം പാചകം ചെയ്യാവൂ.
• പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, പാക്കറ്റില്‍ ലഭ്യമായ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ആഹാര പദാര്‍ത്ഥങ്ങള്‍ എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്.
• വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലില്‍ നിന്നു മാത്രം ആഹാരം കഴിക്കുക.
• അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
• പച്ചക്കറി, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവ പാചകം ചെയ്യുമ്ബോഴുള്ള അവശിഷ്ടങ്ങള്‍ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം.
• ഈച്ച ശല്യം ഒഴിവാക്കണം. ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്.
• പച്ചക്കറികള്‍ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.യാത്രകളില്‍ കഴിയുന്നതും സസ്യാഹാരം മാത്രം കഴിക്കുക.