മുംബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് ഐപിഎല്‍ 2023 സീസണ്‍ നഷ്‌ടമാകുമെന്ന് സ്ഥിരീകരിച്ച് ടീമിന്‍റെ ക്രിക്കറ്റ് ഡയറക്‌ടര്‍ സൗരവ് ഗാംഗുലി. ഇതോടെ വരും സീസണിലേക്ക് പുതിയ നായകനെ കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ഡല്‍ഹി ടീം. റിഷഭ് പന്ത് ഐപിഎല്ലിനുണ്ടാവില്ല. ഡല്‍ഹി ക്യാപിറ്റല്‍സുമായി ഞാന്‍ സംസാരിക്കുന്നുണ്ട്. വരാനിരിക്കുന്നത് മികച്ച ഐപിഎല്ലായിരിക്കും. ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച പ്രകടനം പുറത്തെടുക്കും. റിഷഭിന്‍റെ പരിക്ക് ഡല്‍ഹിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കും എന്നും ഗാംഗുലി കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡിസംബര്‍ 30നുണ്ടായ കാര്‍ അപകടത്തിലാണ് റിഷഭ് പന്തിന് സാരമായി പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്‌ച കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് റിഷഭ് വിധേയനായിരുന്നു. ആറ് മാസത്തോളം റിഷഭിന് പുറത്തിരിക്കേണ്ടിവരുമെന്ന് ഇന്‍സൈഡ‍് സ്പോര്‍ട് നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ശസ്‌ത്രക്രിയ കഴിഞ്ഞ് സുഖംപ്രാപിക്കാന്‍ നാല് മാസവും ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുക്കാന്‍ വീണ്ടുമൊരു രണ്ട് മാസം കൂടി താരത്തിന് വേണ്ടിവരും എന്നാണ് സൂചന. ഐപിഎല്‍ മാത്രമല്ല, സെപ്റ്റംബറില്‍ നടക്കുന്ന ടീം ഇന്ത്യയുടെ ഏഷ്യാ കപ്പും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പും റിഷഭ് പന്തിന് നഷ്‌ടമാകാന്‍ സാധ്യതയുണ്ട്.
അപകടത്തെത്തുടര്‍ന്ന് ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിക്കപ്പെട്ട റിഷഭ് പന്തിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ എയര്‍ ലിഫ്റ്റ് ചെയ്ത് മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ദനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കോകില ബെന്‍ ആശുപത്രിയില്‍ റിഷഭ് പന്തിനെ ചികിത്സിക്കുന്നത്. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യുവരാജ് സിംഗ്, രവീന്ദ്ര ജഡേജ എന്നിവരുടെ പരിക്ക് ചികിത്സിച്ച് ഭേദമാക്കിയത് ദിന്‍ഷാ പര്‍ദിവാലയായിരുന്നു. റിഷഭിന്‍റെ കാര്യത്തില്‍ വലിയ ജാഗ്രതയും നിരീക്ഷണവും ബിസിസിഐ പുലര്‍ത്തുന്നുണ്ട്.