പാലക്കാട്: റെയില്‍വേ ജീവനക്കാരനെ ഉപദ്രവിക്കുകയും പണമടങ്ങിയ പഴ്സും വാച്ചും പിടിച്ചുപറിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.
പ്രതിയായ തമിഴ്നാട് മധുര പുത്തന്പെട്ടി ഗഞ്ചിറത്തെരുവ് രാജമണിയെ (43) പാലക്കാട് പ്രിന്‍സിപ്പല്‍ സബ്ജഡ്ജി അന്യാസ് തയ്യില്‍ ഏഴുവര്‍ഷം കഠിനതടവിനും 1000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരുമാസംകൂടി അധികം കഠിനതടവ് അനുഭവിക്കണം.

റെയില്‍വേയില്‍ സീനിയര്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന അകത്തേത്തറ ഗിരിനഗര്‍ മുരളി കൃഷ്ണ നിവാസില്‍ മുരളി ഭട്ടാചാര്‍ജിയെ ദേഹോപദ്രവം ഏല്പിക്കുകയും ഇയാളുടെ പണം പിടിച്ചുപറിക്കുകയും ചെയ്ത കേസിലാണ് വിധി.
2021 ജനുവരി മൂന്നിന് പുലര്‍ച്ച 5.30ന് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. രണ്ടാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ട തൃച്ചി എക്സ്പ്രസിന് സമീപം ഡ്യൂട്ടി ചെയ്യുകയായിരുന്ന മുരളിയെ ഇയാള്‍ തള്ളുകയും പഴ്സും പണവും പിടിച്ചുപറിക്കുകയും ചെയ്യുകയായിരുന്നു.പാലക്കാട് റെയില്‍വേ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.