അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട്: സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് സിപിഐഎം

TalkToday

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ ആരോപണങ്ങളില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിപി ഐഎം. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ പരിശോധിക്കണമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ബന്ധപ്പെട്ട മന്ത്രിതല വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ഈ അന്വേഷണ സമിതിയുടെ മേല്‍നോട്ടം സുപ്രിംകോടതിക്കായിരിക്കണം. അന്വേഷണം സുപ്രിംകോടതി ദൈനംദിന അടിസ്ഥാനത്തില്‍ നിരീക്ഷിക്കണം. അന്വേഷണം പൂര്‍ത്തിയാകും വരെ രാജ്യതാത്പര്യം സംരക്ഷിക്കപ്പെടണമെന്നും കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സീതാറാം യെച്ചൂരി വ്യക്തമാക്കി.

തിരിച്ചടികള്‍ക്കിടെ തിങ്കാളാഴ്ചയോടെ അദാനി ഗ്രൂപ്പിന്റെ മിക്ക കമ്പനികളും 51 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ട്. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്നിവ ഓരോന്നും 10 ശതമാനത്തിലധികം ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ഇന്ത്യക്കെതിരായ ആക്രമണമെന്നാണ് അദാനി ഗ്രൂപ്പ് നല്‍കുന്ന മറുപടി. ഇന്ത്യന്‍ നിയമങ്ങള്‍ മനസിലാക്കാതെ ദുരുദേശത്തോടെ തയാറാക്കിയ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗിന്റേതെന്ന് അദാനി ഗ്രൂപ്പ് മറുപടിയായി പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ മാത്രമാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് 413 പേജുകളുള്ള വിശദമായ മറുപടിയാണ് അദാനി ഗ്രൂപ്പ് നല്‍കിയത്.


Share on

Tags