വടകര: മുക്കാളി സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കില്ലെന്ന് റെയില്‍വേ. കോവിഡിന് മുമ്ബ് നിര്‍ത്തി സര്‍വിസ് പുനരാരംഭിച്ച ഭൂരിഭാഗം ട്രെയിനുകള്‍ക്കും സ്റ്റോപ് അനുവദിക്കുന്ന കാര്യത്തില്‍ റെയില്‍വേ ഉരുണ്ടുകളിക്കുകയാണ്.
കഴിഞ്ഞദിവസം പാലക്കാട്ട് നടന്ന റെയില്‍വേ ഡിവിഷന്‍തല ജനപ്രതിനിധികളുടെ യോഗത്തിലാണ് മാഹി സ്റ്റേഷന് വളരെ അടുത്തായതിനാല്‍ മുക്കാളിയില്‍ സ്റ്റോപ് അനുവദിക്കാനാവില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചത്.
സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂസേഴ്സ് ഫോറം, വിവിധ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സംഘടനകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവയെല്ലാം പ്രക്ഷോഭത്തിലാണ്. എം.പിമാരായ കെ. മുരളീധരന്‍, പി.ടി. ഉഷ എന്നിവരും ഡിവിഷന്‍തല യോഗത്തില്‍ സ്റ്റോപ്പിനായി ആവശ്യപ്പെട്ടു. എന്നാല്‍, സ്റ്റോപ് അനുവദിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് മറുപടി ലഭിച്ചത്.
റെയില്‍വേക്ക് വരുമാനമുള്ളതും ജനങ്ങള്‍ക്ക് വേഗം എത്തിച്ചേരാനും കഴിയുന്ന മുക്കാളിയെ അവഗണിച്ചതില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. കഴിഞ്ഞ മാസം റെയില്‍വേ അമിനിറ്റി ബോര്‍ഡ് അംഗം ദക്ഷിണ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് ചെയര്‍മാന്‍ സ്ഥലത്തെത്തി സ്റ്റോപ്പിനായി സമ്മര്‍ദം ചെലുത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, കാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.