ലണ്ടന്‍: യു.കെയില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ സംസാരിക്കും.
ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സാമൂഹിക സാംസ്‌കാരിക വ്യവസായ ബന്ധങ്ങളെക്കുറിച്ചാകും വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തിലെ ഗ്രാന്‍ഡ് കമ്മിറ്റി റൂമില്‍ അദ്ദേഹം സംസാരിക്കുക. ബ്രിട്ടനിലെ ഇന്ത്യക്കാരെയും രാഹുല്‍ ഗാന്ധി കാണുമെന്നാണ് റിപ്പോര്‍ട്ട്.
കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ വിദേശരാജ്യത്ത് പോയി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് ബി.ജെ.പി വിമര്‍ശിച്ചത്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം രാജ്യം കൈവരിച്ച നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്തിയത് നരേന്ദ്ര മോദിയാണെന്ന് രാഹുല്‍ പ്രതികരിച്ചു.
ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. താനടക്കം നിരവധി രാഷ്ട്രീയക്കാര്‍ നിരീക്ഷണത്തിലാണ്. പെഗാസസ് വഴി താനും നിരീക്ഷണത്തിലാണെന്നും കേംബ്രിഡ്ജില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.