എകെആൻറണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുൽഗാന്ധിക്കും കമ്പനിക്കും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എത്രവേഗമാണ് പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരിൽ ഇന്ത്യാവിരുദ്ധമാവുന്നത് എന്ന് തിരിച്ചറിയാൻ ഇന്ത്യൻ ജനതയ്ക്ക് അഞ്ഞൂറു കിലോമീറ്റർ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
സിപിഐഎമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യാൻ വീണ്ടുമൊരവസരം കൂടി ലഭിച്ചു എന്നതിലുള്ള ചാരിതാർത്ഥ്യവും. ജന്മനാ ഇന്ത്യാവിരുദ്ധരായ അഞ്ചാംപത്തികൾ എന്നും അദ്ദേഹം പരിഹസിച്ചു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എ. കെ. ആന്റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുൽഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോൺഗ്രസ്സിന്റെ വർത്തമാന ദുരവസ്ഥ. എത്രവേഗമാണ് പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരിൽ ഇന്ത്യാവിരുദ്ധമാവുന്നത് എന്ന് തിരിച്ചറിയാൻ ഇന്ത്യൻ ജനതയ്ക്ക് അഞ്ഞൂറു കിലോമീറ്റർ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ല. പിന്നെ സി. പി. എമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യാൻ വീണ്ടുമൊരവസരം കൂടി ലഭിച്ചു എന്നതിലുള്ള ചാരിതാർത്ഥ്യവും. ജന്മനാ ഇന്ത്യാവിരുദ്ധരായ അഞ്ചാംപത്തികൾ…
അതേസമയം പാർട്ടി ചുമതലകളിൽ നിന്നും രാജിവച്ച് അനിൽ ആന്റണി. എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെടെയുള്ള പദവികളിൽ നിന്നാണ് രാജി വെച്ചത്. ബിബിസി ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് അനിൽ ആന്റണി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് രാജി. ട്വിറ്ററിലൂടെയാണ് അനിൽ ആന്റണി രാജി വിവരം അറിയിച്ചത്.