കക്കോടി: രാത്രികാല പരിശോധന കുറയുന്നതുമൂലം വാഹനാപകടം പെരുകുന്നു. ബുധനാഴ്ച അര്‍ധരാത്രി കക്കോടി പാലം വളവില്‍ നിയന്ത്രണം വിട്ട കാര്‍ പതിനഞ്ചടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.
കാറിലുണ്ടായിരുന്ന നന്മണ്ട സ്വദേശികളായ രണ്ടുപേര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
രണ്ടു തവണ മലക്കംമറിഞ്ഞ കാറില്‍നിന്ന് ഇരുവരും പുറത്തുവരുകയായിരുന്നു. ബുധനാഴ്ച രാത്രി വേങ്ങേരി മാളിക്കടവില്‍ കാര്‍ നിയന്ത്രണംവിട്ട് താഴ്ഭാഗത്തേക്ക് പതിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബാണ് ആറുവരിപ്പാത നിര്‍മാണം നടക്കുന്ന വേങ്ങേരി ജങ്ഷനില്‍ ഇരുപത്തഞ്ചടിയോളം താഴ്ചയിലേക്ക് കാര്‍ മറിഞ്ഞത്.
കാര്‍ ഓടിച്ച നരിക്കുനി സ്വദേശി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും രാത്രികാല പരിശോധന കര്‍ശനമല്ലാത്തതിനാലാണ് അപകടം വര്‍ധിക്കുന്നതെന്നാണ് പരാതി. വാഹനം നിര്‍ത്തി പരിശോധിക്കുന്നതുമൂലം മദ്യപിച്ച് വാഹനമോടിക്കുന്നവരെയും അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരെയും പിടികൂടുമായിരുന്നു. ഉറക്കച്ചടവ് തീര്‍ക്കാനും സഹായകമെന്ന നിലയിലായിരുന്നു പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന കര്‍ശനമാക്കിയത്. പരിശോധനക്ക് അയവുവന്നതിനാല്‍ അപകടവും പെരുകുകയാണ്.