രാജ്യത്ത് കഴിഞ്ഞ വര്‍ഷം മാത്രം 95,000 ഡിജിറ്റല്‍ പേയ്മന്റ് തട്ടിപ്പുകേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍

TalkToday

Calicut

Last updated on Mar 23, 2023

Posted on Mar 23, 2023

ന്യൂഡല്‍ഹി: യു.പി.ഐ പേയ്മന്റ് തട്ടിപ്പുകള്‍ വ്യാപകമാണെന്നും രാജ്യത്ത് 2022-23 വര്‍ഷത്തില്‍ മാത്രം ഇത്തരത്തിലുള്ള 95,000 തട്ടിപ്പുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു.

2020-21 ല്‍ ഇത് 77,000 കേസുകളായിരുന്നു. 2021-22ല്‍ 84,000 ആയി ഉയര്‍ന്നു.

125 കോടി രൂപക്കുമേല്‍ യു.പി.ഐ ട്രാന്‍സാക്ഷനുകള്‍ കഴിഞ്ഞ വര്‍ഷം മാത്രം നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഡാറ്റ പറയുന്നു.

ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം വളരെ വലുതും ലോകസ്വീകര്യത നേടിയതുമാണെന്ന് മന്ത്രാലയം പാര്‍ലമെന്റില്‍ അവകാശപ്പെട്ടു. സിംഗപൂര്‍, യു.എ.ഇ, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ പേയ്മെന്റ് സംവിധാനം സ്വീകരിച്ചിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് തട്ടിപ്പുകള്‍വര്‍ധിക്കുന്നത് സംബന്ധിച്ച്‌ രാജ്യസഭാ എം.പിയായ കര്‍ത്തികേയ ശര്‍മ ഉന്നയിച്ച ചോദ്യത്തിനാണ് ധനമന്ത്രാലയം മറുപടി നല്‍കിയത്.


Share on

Tags