സ്വത്ത് തര്‍ക്കം : മുംബൈയില്‍ അമ്മയെ മകന്‍ ബാറ്റു കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി

TalkToday

Calicut

Last updated on Dec 8, 2022

Posted on Dec 8, 2022

മുംബൈ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 74 കാരിയായ അമ്മയെ മകന്‍ ബേസ്ബോള്‍ ബാറ്റുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി.

മുംബൈയിലാണ് സംഭവം. മകനെയും വീട്ടുജോലിക്കാരനെയും അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം റായ്ഗഡിലെ നദിയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ 43 കാരനായ മകനെയും 25കാരനായ ജോലിക്കാരനെയും ജൂഹു പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി, സെക്യൂരിറ്റി സൂപ്പര്‍വൈസറാണ് സ്ത്രീയെ കാണാനില്ലെന്ന് ജൂഹു പൊലീസില്‍ അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.

പിറ്റേന്ന് മകനെയും വീട്ടുജോലിക്കാരനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍, പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അമ്മയുടെ തലയില്‍ ബേസ്ബോള്‍ ബാറ്റ് ഉപയോഗിച്ച്‌ പല തവണ അടിച്ച്‌ കൊലപ്പെടുത്തിയെന്ന് ഇയാള്‍ വെളിപ്പെടുത്തി. തങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു എന്നും അതിനെ തുടര്‍ന്നാണ് കൊല നടത്തിയെതെന്നും ഇയാള്‍ പറഞ്ഞു. റായ്ഗഡ് ജില്ലയിലെ നദിയിലാണ് മൃതദേഹം തള്ളിയതെന്നും പൊലീസിനെ അറിയിച്ചു. ഐപിസി 302( കൊലപാതകം) 201 (തെളിവ് നശിപ്പിക്കല്‍) ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Share on

Tags