കൊച്ചി: മീഡിയവണ്‍ ക്യാമറാമാന്‍ അനില്‍ എം. ബഷീറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റം. പൊലീസിനെ അസഭ്യം പറഞ്ഞത് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയായിരുന്നു സംഭവം.
കൊച്ചി കോര്‍പറേഷനില്‍ പന്ത്രണ്ട് മണിക്കൂര്‍ ഉപരോധസമരം നടക്കുന്നതിനിടെ വ്യാപകമായ അതിക്രമമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. നേരത്തെ ഒരു ജീവനക്കാരനെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് ക്യാമറാമാന് നേരെയും ആക്രമണമുണ്ടായത്.
കോര്‍പറേഷന്‍ ജീവനക്കാരെ പൊലീസ് സംരക്ഷണയില്‍ അകത്തേക്ക് കയറ്റുന്നുണ്ടെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. തുടര്‍ന്ന് പൊലീസിന് നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ഇത് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അനില്‍ എം ബഷീറിന് നേരെ ആക്രമണമുണ്ടായത്.
ഷൂട്ട് ചെയ്യുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ഒരാള്‍ ആക്രോശിച്ച് കൊണ്ട് കൈ പിടിച്ച് തിരിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് അനില്‍ പറയുന്നു.