ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ മൈസൂരുവിനടുത്ത് അപകടത്തില്‍പെട്ടു.
പ്രഹ്ലാദ് മോദി (74), മകന്‍ മേഹുല്‍ പ്രഹ്ലാദ് മോദി (40), മരുമകള്‍ സിന്ദാല്‍ മോദി (35), പേരമകന്‍ മെനത്ത് മേഹുല്‍ മോദി (ആറ്), കാര്‍ ഡ്രൈവര്‍ സത്യനാരായണ എന്നിവരെ പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
ബന്ദിപ്പൂര്‍ കടുവസങ്കേതത്തിലേക്കുള്ള യാത്രക്കിടെ ദേശീയപാത 766ല്‍ മൈസൂരുവില്‍നിന്ന് 14 കിലോമീറ്റര്‍ മാറി കടക്കോളെയില്‍ ചൊവ്വാഴ്ച ഉച്ച 1.30ഓടെയാണ് അപകടം.
ഇവര്‍ സഞ്ചരിച്ച മെഴ്സിഡസ് ബെന്‍സ് എസ്.യു.വി കാര്‍ ഒരു വളവില്‍ നിയന്ത്രണംവിട്ട് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബംഗളൂരുവില്‍നിന്നാണ് കുടുംബം കാറില്‍ യാത്ര തിരിച്ചത്. അഖിലേന്ത്യാ ന്യായവില ഷോപ് ഡീലേഴ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റാണ് പ്രഹ്ലാദ് മോദി.