ജയ്പൂര്‍ : രാജസ്ഥാന്‍ സന്ദര്‍ശനത്തിനിടെ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാനാകാത്തതിന് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജസ്ഥാനിലെ സിരോഹിയില്‍ നടന്ന റാലിക്കിടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്യാനാകാത്തതില്‍ പ്രധാനമന്ത്രി മാപ്പ് ചോദിച്ചത്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിലെ നിയമം അനുസരിക്കുന്നതിന്റെ ഭാഗമായി, പത്ത് മണിക്ക് ശേഷവും നീണ്ടുപോയ പരിപാടിയില്‍ അദ്ദേഹം മൈക്ക് ഒഴിവാക്കുകയും ജനങ്ങളോട് മാപ്പ് ചോദിക്കുകയുമായിരുന്നു.
ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയാത്തതിനാല്‍ മറ്റൊരിക്കല്‍ സിരോഹിയില്‍ വരുമെന്ന് ഉറപ്പ് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. ''ഞാന്‍ എത്താന്‍ വൈകിപ്പോയി. രാത്രി പത്ത് മണിയായി. ഞാന്‍ നിയമം പാലിക്കണമെന്നാണ് എനിക്ക് തോനുന്നത്. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ മാപ്പ് ചോദിക്കുന്നു'' - മൈക്ക് ഇല്ലാതെ മോദി ജനങ്ങളോട് സംസാരിച്ചു.

''പക്ഷേ ഞാന്‍ ഉറപ്പ് നല്‍കുകയാണ്, നിങ്ങള്‍ എനിക്ക് നല്‍കിയ സ്നേഹത്തിനും അടുപ്പത്തിനും പലിശ സഹിതം തിരിച്ച് നല്‍കാന്‍ ഞാന്‍ വീണ്ടും വരും.'' - പ്രധാനമന്ത്രി പറഞ്ഞു. സ്റ്റേജില്‍ മുട്ടുകുത്തി നിന്ന മോദി ഭാരത് മാതാ കി ജയ് വിളിക്കുകയും ജനങ്ങള്‍ ആവേശത്തോടെ അത് ഏറ്റുവിളിക്കുകയും ചെയ്തു. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നത്. അമിത് മാളവ്യ അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചു.
