പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കുന്നു; വ്യാപകപ്രതിഷേധം

Jotsna Rajan

Calicut

Last updated on Nov 28, 2022

Posted on Nov 28, 2022

ന്യൂഡല്‍ഹി: മറ്റ് പിന്നാക്കവിഭാഗങ്ങളിലെ (ഒ.ബി.സി.) ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കിയ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം.സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ്. രംഗത്തെത്തിയിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ അറിയിച്ചു.

മുസ്ലിം, ക്രിസ്ത്യന്‍, ജൈനര്‍, ബുദ്ധര്‍, സിഖ്, പാഴ്‌സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ രണ്ടരലക്ഷത്തില്‍ത്താഴെ വരുമാനപരിധിയുള്ള വിദ്യാര്‍ഥികളെയാണ് കാലങ്ങളായി സ്‌കോളര്‍ഷിപ്പിന് പരിഗണിച്ചിരുന്നത്. പ്രതിവര്‍ഷം 1500 രൂപയായിരുന്നു സ്‌കോളര്‍ഷിപ്പ് തുക. 50 ശതമാനം തുക കേന്ദ്രവും 50 ശതമാനം തുക സംസ്ഥാനങ്ങളുമാണ് നല്‍കിയിരുന്നത്.

എന്നാല്‍, സ്‌കോളര്‍ഷിപ്പ് ഒമ്ബത്, പത്ത് ക്ലാസുകളിലേക്കുമാത്രമാക്കി ചുരുക്കിയാണ് ഇത്തവണ കേന്ദ്രം അപേക്ഷക്ഷണിച്ചത്. സ്‌കോളര്‍ഷിപ്പ് തുക 4000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള 40 ശതമാനം തുക സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും പുതുക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. കഴിഞ്ഞ മാസം 31 ആയിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി.

ന്യൂനപക്ഷവിഭാഗങ്ങളിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കിവന്ന പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് തുകയും വെട്ടിക്കുറച്ചിട്ടുണ്ട്. പ്രതിവര്‍ഷം ഒരു ലക്ഷംരൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നിടത്ത് ഇനിമുതല്‍ 20,000 രൂപയേ പരമാവധി ലഭിക്കുകയുള്ളു. സ്‌കോളര്‍ഷിപ്പ് നിരക്കുകള്‍ക്ക് നാല് സ്ലാബുകളാണ് മാര്‍ഗരേഖയില്‍ നിശ്ചയിച്ചിരിക്കുന്നത്. ബിരുദം, പി.ജി., പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 20,000 രൂപ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് 13,000 രൂപ, ഗ്രൂപ്പ് ഒന്നിലും രണ്ടിലും പെടാത്ത ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 8000 രൂപ, നോണ്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് 5000 രൂപ എന്നിങ്ങനെയാണ് ഇനിമുതല്‍ പരമാവധി സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുക. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങി. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് ഇനിമുതല്‍ 60 ശതമാനം തുകമാത്രമേ കേന്ദ്രസര്‍ക്കാര്‍ നല്‍കൂ. ബാക്കി സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും കേന്ദ്ര വിജ്ഞാപനത്തില്‍ പറയുന്നു.


Share on

Tags