യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ അറസ്റ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി സൗദി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി യുവജന പ്രസ്ഥാനങ്ങള്‍ ജനാധിപത്യ പ്രക്ഷോഭം നടത്തുമ്പോള്‍ പൊലീസ് രാജ് കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കെഎംസിസി അഭിപ്രായപ്പെട്ടു. യുവാക്കളുടെ തൊഴിലില്ലായ്മ അടക്കമുള്ള ജനകീയ പോരാട്ടം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ തിരെയും മുപ്പതോളം വരുന്ന യൂത്ത്‌ലീഗ് സംസ്ഥാന ജില്ലാ നേതാക്കള്‍ക്കെതിരെയുള്ള ജാമ്യമില്ലാ വകുപ്പ് അടക്കം ചേര്‍ത്തുള്ള കേസുകള്‍ തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണെന്ന് പ്രവിശ്യാ കെഎംസിസി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂര്‍ ,സിദ്ധീഖ് പാണ്ടിക ശാല ,അഷ്‌റഫ് ഗാസാല്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പി കെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാര്‍ച്ച് നടന്നത്. പ്രതിഷേധ മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും നിരവധിപേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.
പി കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. നടപടി അംഗീകരിക്കാന്‍ ആവില്ലെന്നും സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധം ഉയരുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി തീക്കളിയാണെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രതികരണം. പ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ നിന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്ന പ്രവണത സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.