കല്‍പറ്റ: ചരിത്രത്തില്‍ ആദ്യമായി വയനാട് വേദിയാവുന്ന സാഹിത്യോത്സവം അറിവിന്റെയും ചിന്തകളുടെയും വ്യത്യസ്ത അഭിപ്രായങ്ങളുടെയും സംഗമ വേദിയായി.
മാനന്തവാടി ദ്വാരകയിലെ നാലു വേദികളിലായി അരങ്ങേറുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (ഡബ്ല്യു.എല്‍.എഫ്) ആദ്യദിനത്തില്‍ അരുന്ധതി റോയി, സഞ്ജയ് കാക്, സച്ചിദാനന്ദന്‍, സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ സംസ്കാരം; ബഹുസ്വരതയുടെ പ്രതിസന്ധി എന്ന വിഷയത്തില്‍ സച്ചിദാനന്ദന്‍ നടത്തിയ പ്രഭാഷണം ഏറെ കാലിക പ്രസക്തമായി. 'പറയാന്‍ പറ്റുന്നതും പറയാന്‍ പറ്റാത്തതും' എന്ന തലക്കെട്ടില്‍ അരുന്ധതി റോയി ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസുമായി നടത്തിയ സംഭാഷണം ആദ്യ ദിനത്തെ വേറിട്ടതാക്കി. അരുന്ധതി റോയിയുടെ 'ആസാദി' എന്ന പുസ്തകത്തില്‍ നിന്നുള്ള പ്രസക്ത ഭാഗം പുസ്തകത്തിന്റെ വിവര്‍ത്തകനായ ഡോ. ജോസഫ് കെ. ജോബ് വായിച്ചു.
ഉദ്ഘാടന സമ്മേളനത്തിനുശേഷം വേദി ഒന്ന് മാവേലി മണ്‍റത്തില്‍ എഴുത്തിന്റെ വയനാടന്‍ ഭൂമിക എന്ന സെഷനില്‍ ഷാജി പുല്‍പ്പള്ളി മോഡറേറ്ററായി. കല്‍പറ്റ നാരായണന്‍, കെ.ജെ. ബേബി, ഷീലാ ടോമി, കെ.യു. ജോണി എന്നിവര്‍ സംസാരിച്ചു. 'ലോക നവീകരണത്തില്‍ ദലിത് - ആദിവാസി സമൂഹത്തിന്റെ എഴുത്തും ഭാവനയും' സെഷനില്‍ കെ.കെ. സുരേന്ദ്രന്‍ മോഡറേറ്ററായിരുന്നു. സണ്ണി എം. കപിക്കാട്, ധന്യ വേങ്ങച്ചേരി, സുകുമാരന്‍ ചാലിഗദ്ധ , മണിക്കുട്ടന്‍ പണിയന്‍ എന്നിവര്‍ സംസാരിച്ചു. വേദി രണ്ട് നെല്ലില്‍ വയനാടന്‍ കോലായ എന്ന പേരില്‍ പി.കെ. പാറക്കടവുമായുള്ള സാഹിത്യ വര്‍ത്തമാനത്തില്‍ ജിത്തു തമ്ബുരാന്‍, ഷീമ മഞ്ചാന്‍, സ്റ്റെല്ല മാത്യു, ആലീസ് ജോസഫ്, അനീസ് മാനന്തവാടി, പ്രതീഷ് താന്നിയാട്, ദാമോദരന്‍ ചീക്കല്ലൂര്‍, ആയിഷ മാനന്തവാടി എന്നിവര്‍ പങ്കെടുത്തു. വേദി രണ്ടിലെ കവിയരങ്ങില്‍ മുസ്തഫ ദ്വാരക മോഡറേറ്ററായി. അസീം താന്നിമൂട്, ആര്‍. ലോപ , ശൈലന്‍, കെ.പി. സിന്ധു , ഷീജ വക്കം , ആര്‍. തുഷാര, എം.പി. പവിത്ര , വിമീഷ് മണിയൂര്‍, അബ്ദുല്‍ സലാം, വിഷ്ണു പ്രസാദ്, സാദിര്‍ തലപ്പുഴ, അനില്‍ കുറ്റിച്ചിറ, പ്രീത ജെ. പ്രിയദര്‍ശിനി തുടങ്ങിയവര്‍ പങ്കെടുത്തു.
'ലോക സിനിമയും മലയാള സിനിമയും' സെഷനില്‍ ഒ.കെ. ജോണി മോഡറേറ്റായി. ബീന പോള്‍, ഡോണ്‍ പാലത്തറ, മനോജ് കാന എന്നിവര്‍ സംസാരിച്ചു. മേളയിലെ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ബീന പോള്‍ നിര്‍വഹിച്ചു. 'കഥയരങ്ങ് - കഥയുടെ ചില വര്‍ത്തമാനങ്ങള്‍' സെഷനില്‍ വി.എച്ച്. നിഷാദ് മോഡറേറ്റായി. സക്കറിയ, പി.കെ. പാറക്കടവ്, എസ്. സിതാര എന്നിവര്‍ പങ്കെടുത്തു. 'കോവിഡാനന്തര ലോകം, ആരോഗ്യം, സാഹിത്യം, സംസ്കാരം' സെഷനില്‍ മനു പി. ടോംസ് മോഡറേറ്ററായി. കല്‍പറ്റ നാരായണന്‍, ഡോ. ടി. ജയകൃഷ്ണന്‍, ഡോ. ഗോകുല്‍ദേവ്, ശ്യാം സുധാകര്‍ എന്നിവര്‍ സംസാരിച്ചു. രാത്രി വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയുടെ ആവിഷ്കാരം നവാസ് മന്നന്‍ നടത്തി. തുടര്‍ന്ന് അലക്സ് പോള്‍ സംഗീത സംവിധാനം നിര്‍വഹിച്ച ട്രൈബല്‍ ബാന്‍ഡിന്റെ പ്രകടനവും നടന്നു.