പന്തളം: പന്തളം പബ്ലിക് മാര്‍ക്കറ്റിലെ മാലിന്യ സംസ്കരണ പ്ലാന്‍റിന് പടിഞ്ഞാറുവശം മാലിന്യത്തിന് തീപിടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പന്തളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ മാര്‍ക്കറ്റിനോട് ചേര്‍ന്ന് സ്ഥലത്തെ കുന്നുകൂടിക്കിടന്ന മാലിന്യത്തിനാണ് തീപിടിച്ചത്. തീയും പുകയും അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ യാത്രക്കാരും സമീപപ്രദേശത്തുകാരും സ്ഥലത്തുന്ന് മാറി.
ഉടന്‍തന്നെ നാട്ടുകാരും അടൂരില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നിയന്ത്രണ വിധേയമാക്കി. മാലിന്യത്തില്‍നിന്ന് പുക ഇപ്പോഴും ഉയരുന്നുണ്ട്.
പന്തളം പബ്ലിക് മാര്‍ക്കറ്റിലെ പഴയ മത്സ്യമാര്‍ക്കറ്റിന് പിറകെ വശത്തായിരുന്നു തീപിടിത്തമുണ്ടായത്. സംഭവമറിഞ്ഞ് നഗരസഭ ചെയര്‍പേഴ്സന്‍ സുശീല സന്തോഷ് അടക്കം നഗരസഭ കൗണ്‍സിലര്‍മാരും സംഭവസ്ഥലത്ത് എത്തിയിരുന്നു. തിങ്കളാഴ്ച പന്തളത്തെ മാലിന്യ കൂമ്ബാരത്തെക്കുറിച്ച് 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.