തിരുവനന്തപുരം: പിണറായി വിജയന്‍റെ കണ്ണുരുട്ടല്‍ ഭയന്ന് പദവിയുടെ ഉത്തരവാദിത്തം മറക്കുകയാണ് സ്പീക്കറെന്നും അദ്ദേഹം ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്ബില്‍ എം.എല്‍.എ.
അവനവന്‍റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് നിറവേറ്റാനാകാത്തതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്പീക്കര്‍ തിരിച്ചറിയണമെന്നും ഷാഫി പറഞ്ഞു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്ബില്‍.
ഡി.വൈ.എഫ്.ഐ നേതാവിലേക്ക് സ്പീക്കര്‍ ഒരിക്കലും ചുരുങ്ങാന്‍ പാടില്ലെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. അതാണ് ഇന്ന് കണ്ടത്. ഷാഫിയെയും റോജിയെയും സനീഷിനെയും വിനോദിനെയും ജയിപ്പിക്കേണ്ടത് ആ പ്രദേശങ്ങളിലെ ജനങ്ങളാണ്. ഷാഫിയെ പ്രത്യേകം പറഞ്ഞത് ആരെ ജയിപ്പിക്കാനാണെന്ന് കേരള സമൂഹം ചര്‍ച്ച ചെയ്യട്ടെ. സ്പീക്കറുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മറുപടി പറയണം -അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്ബില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന സ്പീക്കറുടെ പരാമര്‍ശമാണ് വിവാദമായത്. നിയമസഭയില്‍ ബാനറുമായി പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു എം.എല്‍.എമാരെ പേരെടുത്ത് വിളിച്ച് സ്പീക്കറുടെ പരാമര്‍ശം. 'മുഖം മറക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ഇത് ജനങ്ങള്‍ കാണുന്നുണ്ടെന്ന ബോധ്യമുണ്ടാകണം. ശ്രീ മഹേഷ് കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്. ശ്രീ റോജി ജോണ്‍ അങ്കമാലിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്. വിനോദ് ഇതൊക്കെ എറണാകുളത്തെ ജനങ്ങള്‍ കാണുന്നുണ്ട്. നിങ്ങള്‍ക്ക് തന്നെയാണ് മോശം. ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്. ജനങ്ങള്‍ കാണുന്നുണ്ട് ഇതൊക്കെ. ഇനിയും ഇവിടെ വരേണ്ടതാണ്. വെറുതെ ഇമേജ് മോശമാക്കരുത്. ഷാഫി അടുത്ത തവണ തോല്‍ക്കും, അവിടെ തോല്‍ക്കും' -സ്പീക്കര്‍ പറഞ്ഞു.