ഫറോക്ക്: നിയന്ത്രണങ്ങളെല്ലാം മറികടന്നെത്തിയ ചരക്കു ലോറിയിടിച്ചു പഴയ പാലത്തിന്റെ ഫറോക്ക് കരയിലെ സുരക്ഷാ കമാനം അപകടാവസ്ഥയിൽ. കഴിഞ്ഞ രാത്രി കടന്നു പോയ ലോറിയിടിച്ചു കമാനത്തിന്റെ അടിഭാഗം വേർപെട്ടു. താങ്ങു കാലിന്റെ ബലത്തിലാണു കമാനം നിൽക്കുന്നത്.അപകടം വരുത്തിയ ലോറി നിർത്താതെ പോയി. ഇരുമ്പ് കമാനം സുരക്ഷിതമാക്കാത്തതിനാൽ അപകടം പതിയിരിക്കുകയാണ്. ഇതു നിലംപൊത്തിയാൽ വലിയ അത്യാഹിതം ഉണ്ടാകുമെന്ന ആശങ്കയും ഉയർന്നു. 90 ലക്ഷം രൂപ ചെലവിട്ടു നടപ്പാക്കുന്ന നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞമാസം 12നാണ് പാലത്തിന്റെ ഇരുകരയിലും സുരക്ഷാ കമാനം സ്ഥാപിച്ചത്.



പൂർണമായും ഇരുമ്പ് കവചമുള്ള പാലത്തിൽ ഉയരം കൂടിയ വാഹനങ്ങൾ പ്രവേശിക്കുന്നതു തടയാനാണു പാലം എത്തുന്നതിനു മുൻപ് 3.64 മീറ്റർ ഉയരം ക്രമപ്പെടുത്തി കമാനം ഒരുക്കിയത്.വാഹനങ്ങൾ ഇടിക്കാതിരിക്കാൻ റിഫ്ലക്ടറും ചെറിയ ഹംമ്പും സ്ഥാപിച്ചിട്ടുണ്ട്. ഇതു ശ്രദ്ധിക്കാതെ എത്തിയ ലോറിയാണ് അപകടം വരുത്തിയത്. 3.6 മീറ്ററിൽ അധികം ഉയരമുള്ള വാഹനങ്ങൾക്കു പ്രവേശനം നിരോധിച്ചു ബോർഡ് വച്ചിട്ടുണ്ടെങ്കിലും ഇതു അവഗണിച്ചു കൂറ്റൻ ലോറികൾ ഇപ്പോഴും ഇതുവഴി വരുന്നുണ്ട്.ഓഗസ്റ്റ് 27നു ഉദ്ഘാടനം ചെയ്ത പാലത്തിൽ അന്നു രാത്രി തന്നെ ടൂറിസ്റ്റ് ബസ് ഇടിച്ചു നാശനഷ്ടമുണ്ടായിരുന്നു. പിന്നീട് പലവട്ടം ലോറികൾ കുടുങ്ങുകയും ചെയ്തു. സ്ഥിരം കമാനം സ്ഥാപിക്കാൻ നടപടി വൈകിയതാണ് അന്നു അപകടങ്ങൾക്ക് വഴിവച്ചത്. എന്നാൽ കമാനം സ്ഥാപിച്ചിട്ടും അപകടങ്ങൾ തുടരുകയാണ്.