ഫോര്‍ട്ട്കൊച്ചി: കൊച്ചിയുടെ അവശേഷിക്കുന്ന പൈതൃക ശേഷിപ്പുകളില്‍ ഒന്നായ ബ്രിട്ടീഷ് നിര്‍മിത ജലസംഭരണി രാത്രിയുടെ മറവില്‍ ആസൂത്രിതമായി പൊളിച്ചുനീക്കി.
സംസ്ഥാന ഫയര്‍ ആന്‍ഡ് റസ്ക്യൂ ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാറ്റിക് ടാങ്ക് എന്നറിയപ്പെടുന്ന ജല സംഭരണി ഒരു ഇഷ്ടികപോലും ശേഷിക്കാത്ത വിധത്തില്‍ പൊളിച്ചുനീക്കിയത്.
അമരാവതി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍ ദേവാലയത്തിന് മുന്‍വശത്തെ ഈ ടാങ്ക് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷന്‍ കൗണ്‍സിലര്‍ കൂടിയായ പ്രിയ പ്രശാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗത്തിന്റെ നടപടി. ബ്രിട്ടീഷ് ഭരണകാലത്ത് അഗ്നിസുരക്ഷ കണക്കിലെടുത്ത് നിര്‍മിച്ചതായിരുന്നു ഈ ജലസംഭരണി.
എവിടെയെങ്കിലും തീപിടിത്തം ഉണ്ടായാലും വെള്ളത്തിനായാണ് ഏതാണ്ട് 10 മീറ്റര്‍ നീളവും നാലുമീറ്റര്‍ വീതിയും വരുന്ന ഉപരിതല ജലസംഭരണികള്‍ ബ്രിട്ടീഷ് കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നത്. വലിയ വീപ്പയുമായുള്ള ഒരു കുതിരവണ്ടിയും സംഭരണിക്ക് സമീപം സജ്ജമാക്കി നിര്‍ത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു.
സ്വാതന്ത്രത്തിനുശേഷം ആധുനിക അഗ്നിരക്ഷ സംവിധാനങ്ങള്‍ വന്നതോടെ ഇവയില്‍ പലതും നീക്കംചെയ്തു. ചരിത്രസ്നേഹികള്‍ പൈതൃക സ്മരണക്കായി നിലനിര്‍ത്തിയിരുന്ന സംഭരണികളില്‍ ഒന്നാണ് രാത്രിയുടെ മറവില്‍ തകര്‍ത്തത്. കൗണ്‍സിലറുടെ പരാതിയില്‍ മട്ടാഞ്ചേരി അഗ്നിരക്ഷ നിലയം ഓഫിസര്‍ അന്വേഷണം നടത്തി ടാങ്ക് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നും ഉപയോഗ ശൂന്യമാണെന്നും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഡയറക്ടര്‍ ജനറല്‍ ഇത് നീക്കാന്‍ ഉത്തരവിട്ടത്.
എന്നാല്‍, ടാങ്ക് നിലനിന്നതിനാല്‍ റോഡ് ഇടുങ്ങുന്ന സാഹചര്യമോ വഴി തടസ്സമോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാരും ചരിത്രസ്നേഹികളും പറയുന്നു. ഇനി പട്ടാളത്തും ദ്രോണാചാര്യ പരിശീലന കേന്ദ്രത്തിന് സമീപവുമായി രണ്ട് ബ്രിട്ടീഷ് നിര്‍മിത ജലസംഭരണികളാണ് അവശേഷിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാത്ത വിധത്തില്‍ നിലനിന്നിരുന്ന ചരിത്രത്തിന്‍റെ അടയാളപ്പെടുത്തല്‍ ഇല്ലാതാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.