സുനാമി 'മുന്നറിയിപ്പില്‍' പരിഭ്രാന്തരായി ജനം: മോക്ക് ഡ്രില്‍ ആണെന്നറിഞ്ഞപ്പോള്‍ ആശ്വാസം

TalkToday

Calicut

Last updated on Dec 21, 2022

Posted on Dec 21, 2022

എറണാകുളം: സുനാമി മുന്നൊരുക്കത്തിന്റെ ഭാഗമായി എടവനക്കാട് അണിയില്‍ ബീച്ചില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.

എടവനക്കാട് അണിയില്‍ ബീച്ചില്‍ സുനാമി മുന്നറിയിപ്പുമായി പോലീസ് വാഹനം എത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. പിന്നാലെ ഫയര്‍ ഫോഴ്‌സ് വാഹനവും ആംബുലന്‍സുകളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ജനപ്രതിനിധികളും പാഞ്ഞെത്തി. അധികം വൈകാതെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. വീടുകളില്‍ നിന്നും ജനങ്ങളെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്കും ക്യാമ്ബുകളിലേക്കും മാറ്റി.

ആദ്യം ജനങ്ങള്‍ പരിഭ്രമിച്ചെങ്കിലും സുനാമി മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്‍ ആണെന്നറിഞ്ഞപ്പോള്‍ അവര്‍ സഹകരിച്ചു. കേരളത്തില്‍ സുനാമി ദുരന്തം വിതച്ചതിന്റെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഇന്ത്യന്‍ സമുദ്ര വിവര കേന്ദ്രം (ഇന്‍കോയിസ് ) എന്നിവര്‍ സംയുക്തമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. യുനെസ്‌കോ വിഭാവനം ചെയ്ത സാമൂഹികാധിഷ്ഠിത ദുരന്തലഘൂകരണ പരിപാടിയായ സുനാമി റെഡിയുടെ ഭാഗമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.
മോക്ക് ഡ്രില്ലിന് ശേഷം പുളിക്കനാട്ട് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈപ്പിന്‍കര പോലെ പ്രകൃതി ദുരന്ത ഭീഷണി എപ്പോഴും നിലനില്‍ക്കുന്ന പ്രദേശത്ത് മുന്നൊരുക്ക പരിശീലന പരിപാടികള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് എംഎല്‍എ പറഞ്ഞു. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. സുനാമി പോലുള്ള ദുരന്തങ്ങള്‍, തീരശോഷണം, കടല്‍ക്ഷോഭം എന്നിവ തടയാന്‍ പുതിയ പദ്ധതികള്‍ സംസ്ഥാന തലത്തില്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വൈപ്പിനില്‍ മറൈന്‍ ആംബുലന്‍സ്, എയര്‍ ആംബുലന്‍സ്, കൂടുതല്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവ എത്രയും പെട്ടന്ന് ലഭ്യമാക്കണം. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദുരന്ത മുന്നൊരുക്ക പരിശീലനങ്ങള്‍ നല്‍കണം. ദുരന്തങ്ങളില്‍ അഭയം നേടാന്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍ തുറന്നിട്ടുണ്ട്. അത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഓണ്‍ലൈന്‍ ആയി പരിപാടിയില്‍ പങ്കെടുത്തു. സുനാമിയുടെ പ്രത്യാഘാതങ്ങള്‍ നേരിട്ടവരാണ് വൈപ്പിന്‍ ജനത. ഇത്തരം പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറച്ച്‌ കൊണ്ടുവരാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ ഒപ്പം ജനങ്ങളും കൂട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലെ ദുരന്തത്തിന്റെ വ്യാപ്തി കുറക്കാന്‍ കഴിയൂ. ഇതിനായി ജനങ്ങള്‍ക്കും അറിവു നല്‍കുകയാണ് ഇത്തരം പരിശീലന പരിപാടിയുടെ ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.


Share on

Tags