പത്തനംതിട്ട: രാജ്യമെങ്ങും മഹാത്മഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനമാചരിക്കുമ്പോൾ യൂത്ത് കോണ്‍ഗ്രസിന്റെ റാന്നി പഴവങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ഫ്ലക്സ് ബോർഡാണ് ചർച്ചയായി മാറിയിരിക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി 30-നാണ് രാജ്യം മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിക്കുന്നത്. എന്നാൽ യൂത്ത് കോണ്‍ഗ്രസിൽ ഒക്ടോബർ 30ന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആല്‍ഫിന്റെ നേതൃത്വത്തിലാണ് ഈ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചത്. തെറ്റായ തീയതി രേഖപ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡിനു മുന്നില്‍ റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചനയും നടത്തി.
സംഭവം സോഷ്യൽ മീഡിയയിലടക്കം ചർച്ചയായതോടെ തീയതി മായ്ച്ചു കളഞ്ഞ് ബോര്‍ഡ് വെക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഫ്ലക്സ് ബോർഡ് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ ബോർഡിലെ തീയതി ശ്രദ്ധിച്ചിരുന്നില്ലെന്നും അച്ചടിപ്പിശകാണെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ പറഞ്ഞു.