ബെയ്ജിങ്: കോവിഡ് കുത്തനെ ഉയരുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലും വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ പുതിയ നീക്കവുമായി ചൈന രംഗത്ത്.
ചൈനയിലേക്ക് വരുന്ന യാത്രികര്‍ക്ക് ക്വാറൈന്റന്‍ ഒഴിവാക്കിക്കൊണ്ടാണ് സീറോ കോവിഡ് നയത്തില്‍ പ്രധാന ഇളവ് നല്‍കുന്നത്. മൂന്നു വര്‍ഷമായി തുടരുന്ന സീറോ കോവിഡ് നയത്തില്‍ ഇളവുവരുത്തിയതിനു പിന്നാലെയാണ് പുതിയ നടപടി. ജനുവരി എട്ടുമുതല്‍ രാജ്യത്തേക്ക് വരുന്നവര്‍ക്ക് ക്വാറൈന്റന്‍ ആവശ്യമില്ല. നേരത്തെ എട്ടു ദിവസത്തെ ക്വാറൈന്റന്‍ നിര്‍ബന്ധമായിരുന്നു. ആദ്യ അഞ്ചുദിവസം ക്വാറൈന്റനായി നീക്കിവെച്ച ഹോട്ടലുകളിലും അവസാന മൂന്ന് ദിവസം താമസ സ്ഥലത്തും കഴിയണമെന്നായിരുന്നു നിബന്ധന. ഈ നിബന്ധന ഒഴിവാക്കിയ ചൈന, യാത്ര തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുമ്ബുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ രാജ്യത്തേക്ക് വരാമെന്ന് അറിയിച്ചിരിക്കുകയാണ്.
ഇത്രയും കാലം ചൈന മറ്റ് രാജ്യങ്ങളില്‍ നിന്ന് സ്വയം ഐസോലേറ്റ് ചെയ്ത് കഴിയുകയായിരുന്നു. ഇത് രാജ്യത്തിന്റെ സാമ്ബത്തിക വ്യവസ്ഥയുടെ തകര്‍ച്ചക്കിടയാക്കിയിരുന്നു. ഇതാണ് നയ വ്യതിയാനങ്ങള്‍ക്ക് വഴിവെച്ചത്. ദേശീയ ആരോഗ്യ കമീഷനാണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്.
ബിസിനസിനും പഠനത്തിനും കുടുംബാംഗങ്ങളെ കാണുന്നതിനുമുള്‍പ്പെടെ ഏത് കാര്യങ്ങള്‍ക്കും ചൈനയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി നല്‍കുമെന്ന് രാജ്യം വ്യക്തമാക്കി. മഹാമാരിക്കാലത്ത് നിലച്ചുപോയ ടൂറിസം സാധ്യതകള്‍ വീണ്ടും ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് രാജ്യം. അതിന്റെ ഭാഗമായി ചൈനയിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങളില്‍ കോവിഡുമായതി ബന്ധപ്പെട്ട് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ നിയന്ത്രണവും എടുത്തുമാറ്റും.
അതേസമയം, കോവിഡ് നിരീക്ഷണം തുടരുമെന്നും അതിഗുരുതരമായി രോഗം വ്യാപിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയ ആരോഗ്യ കമീഷന്‍ വ്യക്തമാക്കി.