'മത്സരം വേണ്ട, ഉത്സവം മതി; കവി വാക്യത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ സ്കൂള്‍ കലോത്സവത്തിന് കഴിയണം'

TalkToday

Calicut

Last updated on Jan 3, 2023

Posted on Jan 3, 2023

വി. ശിവന്‍കുട്ടി
വിദ്യാഭ്യാസ വകുപ്പ് മന്ത്രി

കലകളുടെ കൗമാര സംഗമത്തിന് ചരിത്രനഗരിയായ കോഴിക്കോട് വേദിയാവുകയാണ്.

ഇനിയുള്ള ദിനരാത്രങ്ങള്‍ മലയാളിയുടെ കണ്ണും കാതും സാമൂതിരിയുടെ തട്ടകത്തിലേക്ക്. കലാകേരളത്തിന്‍റെ പുതുനാമ്ബുകളെ വരവേല്ക്കാന്‍ നിറഞ്ഞ മനസ്സോടെ കാത്തിരിക്കുകയാണ് പെരുമപെറ്റ ഈ മണ്ണ്.

61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനാണ് കോഴിക്കോട് ഈ വര്‍ഷം ആതിഥ്യമരുളുന്നത്. 1957 ല്‍ ഇരുനൂറോളം പേര്‍ പങ്കെടുത്ത ഒരു കലാമത്സരം എന്ന നിലയില്‍ തുടങ്ങിയ സ്കൂള്‍ കലോത്സവം വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട് കോഴിക്കോട്ട് എത്തുന്നത് പതിനാലായിരത്തിലേറെ മത്സരാര്‍ത്ഥികളുമായാണ്. എറണാകുളം ഗേള്‍സ് ഹൈസ്കൂളിലാണ് ആദ്യ കലാമേള നടന്നത്. 1958 ല്‍ തിരുവനന്തപുരത്തും തുടര്‍ന്ന് ചിറ്റൂരിലും കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. നാല് വര്‍ഷം മാത്രമാണ് മേള മുടങ്ങിയത്.

പുതിയ ഇനങ്ങള്‍ കൂട്ടിചേര്‍ത്തും പ്രോത്സാഹനങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് മേള ഓരോ പടവും പിന്നിട്ടത്. ഒരു ദിവസത്തെ മത്സര പരിപാടി എന്ന നിലയില്‍ നിന്നും ഒരാഴ്ചത്തെ മഹോത്സവമായി മാറിയതിനു പിന്നില്‍ ഒട്ടേറെ ആലോചനകളും ചര്‍ച്ചകളും ഉണ്ടായിരുന്നു. മത്സരങ്ങളുടെ ഗൗരവം വര്‍ധിച്ചപ്പോള്‍ കൃത്യമായ നിയമാവലികള്‍ രൂപപ്പെടേണ്ട സാഹചര്യം വന്നു. ഇത് യുവജനോത്സവ മാന്വലിന്‍റെ ആവിര്‍ഭാവത്തിലേക്ക് നയിച്ചു. കലാതിലകം – കലാപ്രതിഭ പട്ടങ്ങള്‍, ഗ്രേസ് മാര്‍ക്ക് തുടങ്ങിയവ മേളയുടെ മുഖ്യ ആകര്‍ഷകമായി മാറി.

കടുത്ത മത്സരങ്ങള്‍ അനാരോഗ്യ പ്രവണതകള്‍ക്ക് വഴിതെളിച്ചത് പലപ്പോഴും മേളയുടെ നിറം കെടുത്തുന്നതിന് കാരണമായി. സിനിമാ രംഗത്തേക്കുള്ള പ്രവേശന കവാടമായി കലാമേളയിലെ പ്രകടനം പലര്‍ക്കും പ്രയോജനപ്പെട്ടു. ഇത്തരം സാധ്യതകള്‍ തുറന്നു വന്നത് മേളയെ കൂടുതല്‍ കടുത്ത മത്സരവേദിയാക്കി. കലാതിലകം, കലാപ്രതിഭാസ്ഥാനങ്ങള്‍ ഉപേക്ഷിച്ചതും പകരം ഗ്രേഡ് മാത്രം പ്രഖ്യാപിക്കുന്ന രീതി അവലംബിച്ചതും ഈ പശ്ചാത്തലത്തിലാണ്.
വിപുലീകൃത ആലോചനായോഗവും സംഘാടകസമിതി രൂപീകരണവുമെല്ലാം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

239 ഇനങ്ങളിലായി ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി ഏകദേശം പതിനാലായിരത്തോളം
മത്സരാര്‍ത്ഥികളും അതിനിരട്ടിയോളം രക്ഷിതാക്കളും അനുഗമിക്കുന്ന അധ്യാപകരും അടക്കം മുപ്പത്തിനായിരത്തോളംപേര്‍ മത്സരവേദികളില്‍ നേരിട്ട് ബന്ധപ്പെടുന്നവരായി നഗരത്തില്‍ എത്തും. ഇവര്‍ക്ക് പുറമെ കാണികളായി വരുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും പൊതുജനങ്ങളും വേറെയും. വിവിധതലങ്ങളിലെ സംഘാടകരായി മൂവായിരത്തോളം പേരും കാണും.

ആയിരത്തില്‍പരം മാധ്യമ പ്രവര്‍ത്തകരാണ്
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കലോത്സവ വിശേഷങ്ങള്‍ ഒപ്പിയെടുക്കാന്‍ കോഴിക്കോട്ട് എത്തുന്നത്. ഇത്രയും വലിയ ഒരു ജനാവലിക്ക് കുറ്റമറ്റ വരവേല്പ് നല്‍കാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കോവിഡിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിന്‍റെ സാംസ്കാരിക തനിമ അനാവരണം ചെയ്യാനുള്ള വ്യത്യസ്തങ്ങളായ കലാരൂപങ്ങളെ സമൂഹത്തിന് പൊതുവെയും കുട്ടികള്‍ക്ക് വിശേഷിച്ചും അനുഭവവേദ്യമാക്കുന്ന പഠനപരിപാടി കൂടിയാണ് സ്കൂള്‍കലോത്സവങ്ങള്‍. ദൗര്‍ഭാഗ്യവശാല്‍ ചിലരെങ്കിലും ഈ പൊതുപഠനവേദിയെ അമിതമായ മത്സരത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ച്‌ മലീമസമാക്കാന്‍ ശ്രമിക്കുന്നുവെന്നതും ഒരു ദു:ഖസത്യമാണ്. ഇതിനെതിരെ സ്വയം ജാഗ്രത്താവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. കുട്ടികള്‍ക്ക് നിര്‍ഭയമായി തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചേ മതിയാകൂ.

ഒരുമയുടെ സന്ദേശം സ്വയം ഉള്‍ക്കൊള്ളേണ്ട, മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സഹായിക്കേണ്ട ഈ അവസരത്തെ ആ രീതിയില്‍ ഉയര്‍ത്താന്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടത് രക്ഷിതാക്കളാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് കേരള സ്കൂള്‍ കലോത്സവം കേരളീയ സംസ്കൃതിയുടെയും തനിമയുടെയും ആവിഷ്ക്കാര വേദിയാക്കി മാറ്റാം. ആത്മവിശ്വാസത്തോടെ കുട്ടികള്‍ക്ക് ഈ സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയട്ടെ എന്ന് ഒരിക്കല്‍ കൂടി ആശംസിക്കുന്നു. ‘മത്സരം വേണ്ട, ഉത്സവം മതി’ എന്ന കുഞ്ഞുണ്ണിമാഷിന്‍റെ അഭിപ്രായത്തിന്‍റെ സത്ത ഉള്‍ക്കൊള്ളാന്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.


Share on

Tags