തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
ചോദ്യോത്തരവേള അവസാനിപ്പിക്കുകയും ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കുകയും ചെയ്തതിന് പിന്നാലെ സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്നും പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് സഭ തുടങ്ങിയത്. അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ നടുത്തളത്തില്‍ സത്യഗ്രഹമിരുന്നു. ഉമാ തോമസ്, അന്‍വര്‍ സാദത്ത്, എ.കെ.എം. അഷ്റഫ്, കുറുക്കോളി മൊയ്തീന്‍, ടി.ജെ. വിനോദ് എന്നീ എം.എല്‍.എമാരാണ് സഭയുടെ നടുത്തളത്തില്‍ സത്യഗ്രഹം നടത്തുന്നത്. പ്രതിപക്ഷം മുന്നോട്ടുവെച്ച കാര്യങ്ങള്‍ അംഗീകരിക്കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍, റൂളിങ് നല്‍കിയിട്ടും സഭ നടത്തിക്കില്ലെന്ന നിലപാടോടെ പ്രതിപക്ഷം മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി. കാര്യോപദേശ സമിതി യോഗം വിളിച്ചിട്ടും പ്രതിപക്ഷം പങ്കെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ പദവിയെ എല്ലാവരും മാനിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്പീക്കര്‍ക്കെതിരെ പത്രസമ്മേളനം വിളിക്കുകയും കോലം കത്തിക്കുകയും വരെ ചെയ്യുകയാണ്. അധ്യക്ഷനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തുകയാണ്. ഇത് ശരിയല്ല. ഇതൊരു കീഴ്വഴക്കമാക്കാനുള്ള ശ്രമമാണെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.
അതേസമയം, പ്രതിപക്ഷം സഭാനടപടിക്രമങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തി. സ്പീക്കറുടെ റൂളിങ്ങിനെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സഭ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയാറാവുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.