ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകി പുതിയ മുങ്ങിക്കപ്പൽ: ഐഎൻഎസ് വഗീര്‍ കമ്മീഷൻ ചെയ്തു

TalkToday

Calicut

Last updated on Jan 23, 2023

Posted on Jan 23, 2023

മുംബൈ: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടി പുതിയൊരു മുങ്ങിക്കപ്പൽ കൂടി നാവികസേനയുടെ ഭാഗമായി. സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമൻ, ഐഎൻഎസ് വഗീറിനെയാണ് കമ്മീഷൻ ചെയ്തത് . മുംബൈ നേവി ആസ്ഥാനത്തായിരുന്നു ചടങ്ങുകൾ.

ചൈനീസ് ഭീഷണിയടക്കം നിലനിൽക്കെ കടലിലെ പ്രതിരോധം കരുത്തുറ്റതാക്കാൻ ഇന്ത്യൻ നാവിക സേനയുടെ ആവനാഴിയിൽ പുതിയൊരു അസ്ത്രം കൂടി. സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമത്തേതാണ് ഐഎൻഎസ് വഗീർ. സമുദ്രത്തിലെ ഇരപിടിയിൽ സ്രാവാണ് വഗീർ. ഇതടക്കം ആറ് മുങ്ങികപ്പലുകളാണ് പ്രൊജക്ട് 15ൻറെ ഭാഗമായി നാവിക സേനയിലേക്ക് എത്തുക. ഫ്രഞ്ച് കമ്പനിയായ ഡി.സി.എൻ.എസിൻറെ സഹകരണത്തോടെ ഏതാണ്ട് പൂർണമായി മുംബൈയിലെ ഡോക്യാർഡിലാണ് നിർമ്മാണം.

ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം എന്നിവ ഒരുപോലെ നടത്താനുള്ള ശേഷിയാണ് സ്‌കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളുടെ ഏറ്റവും വലിയ ശക്തി. ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ എന്നിവ മൈനുകൾ ഉപയോഗിച്ച് തകർക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. ഈ ശ്രേണിയിലെ ആറ് കപ്പലുകളിൽ ആദ്യത്തേതായ ഐഎൻഎസ് കൽവാരി 2018ലും രണ്ടാമത്തെ കപ്പൽ ഐഎൻഎസ് ഖണ്ഡേരി 2019ലും മൂന്നാമത്തെ കപ്പൽ ഐഎൻസ് കരഞ്ച് 2021ലും നാലാമൻ ഐഎൻഎസ് വേല കഴിഞ്ഞ വർഷവും സേനയുടെ ഭാഗമായി. അടുത്ത വർഷം ആറാമൻ ഐഎൻഎസ് വാഗ്ഷീറും നേവിയുടെ ഭാഗമാവും.


Share on

Tags