വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാലോളി പാലം, പുതുപ്പണം മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ എന്നും മുൻപന്തിയിലുണ്ടാകുമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. പുതുപ്പണം ജനകീയ സമിതിയുടെ നേതൃത്വത്തിൽ അരവിന്ദഘോഷ് റോഡിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
നിലവിൽ മൂരാട് മുതൽ പുതുപ്പണം വരെയുള്ള ഭാഗത്ത് ദേശീയപാത മുറിച്ചുകടക്കാൻ വഴികളൊന്നുമില്ല. രണ്ടു കിലോമീറ്ററിനിടയിൽ ഫ്ലൈ ഓവറോ ഉണ്ടാർ പസ്സോ ഉണ്ടാവുമെന്ന നാഷണൽ ഹൈവേ അതോറിറ്റിയുടെ ഉറപ്പ് ഇവിടെ പാലിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണെന്നും എം.എൽ.എ ചോദിച്ചു. ജെ.എൻ.എം സ്കൂൾ, റൂറൽ എസ്.പി ഓഫിസ്, ഇറിഗേഷൻ ഓഫിസ്, നിർദിഷ്ട സബ്ജയിൽ, എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന വടകരയിലെ പ്രധാന കേന്ദ്രമാണ് ഈ മേഖല. ഇവിടെ ഫ്ലൈ ഓവറോ അടിപ്പാതയോ നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇക്കാര്യം വളരെ നേരത്തെ തന്നെ എല്ലാ അധികാര കേന്ദ്രങ്ങളെയും അറിയിച്ചതായും എം.എൽ.എ വ്യക്തമാക്കി.
അഡ്വ.ഐ.മൂസ, ടി.ടി ഇസ്മായിൽ, സി.രാമകൃഷ്ണൻ, വിജയ ബാബു, കെ.പി പ്രകാശൻ, എം.അബ്ദുൾ സലാം സംസാരിച്ചു., അസീസ് മാസ്റ്റർ അധ്യക്ഷനായിരുന്നു. രാഘവൻ നല്ലാടത്ത് സ്വാഗതവും സജിത മണലിൽ നന്ദിയും പറഞ്ഞു. പി.രജനി, റജീന, സിന്ധു, കരീം മാനസ, ഇ.കെ വത്സരാജ്, നാണു, സമീർ, രതീശൻ, ഇ. കെ പ്രദീപ് കുമാർ, ഷെൽനേഷ് കുമാർ, ഫൗസിയ എന്നിവർ നേതൃത്വം നൽകി.