വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എം.പിയുടെയും എം.എൽ.എയുടെയും സാന്നിധ്യത്തിൽ ദേശീയപാത അതോറിറ്റി അധികൃതർ സന്ദർശനം നടത്തി.


വടകര മണ്ഡലത്തിൽ മൂരാട് മുതൽ കരിമ്പനപാലം വരെയുള്ള സ്ഥലത്ത് അടിപ്പാതയില്ലാത്ത വിഷയത്തിൽ പ്രദേശത്തെ ജനങ്ങൾ സമരത്തിലാണ്. മുൻപ് ഉന്നയിച്ച ഈ വിഷയം വീണ്ടും അതോറിറ്റി അധികൃതരെ എം.എൽ.എ അറിയിച്ചു. ഇതോടെ പ്രദേശത്ത് അനുയോജ്യമായ സ്ഥലത്ത് അടിപ്പാത അനുവദിക്കാമെന്ന കാര്യത്തിൽ നിർദേശം സമർപ്പിക്കാൻ തീരുമാനിച്ചു. കൂടാതെ മണ്ഡലത്തിലെ നാദാപുരം റോഡ്, മടപ്പള്ളി, കണ്ണൂക്കര തുടങ്ങിയ സ്ഥലങ്ങളിലെ വിഷയങ്ങളും എം.പിയും എം.എൽ.എയും ശ്രദ്ധയിൽ പെടുത്തി. ഇവിടങ്ങളിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പിക്കുന്ന തരത്തിൽ അടിപ്പാത അനുവദിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് അതോറിറ്റി ഉറപ്പ് നൽകി. കുളങ്ങര ചന്ദ്രൻ, എ.പി ഷാജിത്ത്, കെ.കലാ ജിത്ത്, റഹീസ നൗഷാദ്, സുധീർമഠത്തിൽ, വി.കെ അസീസ്, കരീം മാനസ, ഇ.കെ വത്സരാജ് എന്നിവർ വിവിധ സ്ഥലങ്ങളിൽ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
