40 വർഷത്തെ പഴക്കമുള്ള നാദാപുരം ബസ്റ്റാന്റും ഷോപ്പിംഗ് കോംപ്ളക്സും പുതുക്കിപ്പണിയുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി.
ഏകദേശം നാല് കോടി രൂപയാണ് പുതുക്കിപ്പണിയുന്നതിന് ചിലവ് പ്രതീക്ഷിക്കുന്നത്. പുതുക്കിപ്പണിയുന്ന കെട്ടിടത്തിന്റെ രൂപകൽപ്പന നടത്തുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഗ്രാമ പഞ്ചായത്ത് ഏൽപ്പിച്ചിട്ടുണ്ട്. കൂടാതെ കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി
കെട്ടിടത്തിന്റെ ബല പരിശോധന നടത്തുന്നതിന് കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിനെയും ഏൽപ്പിച്ചു.
എഞ്ചിനീയറിങ് കോളേജിലെ സിവിൽ ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ സി രഘു കുമാറിന്റെ നേതൃത്വത്തിലാണ് ബലപരിശോധന നടന്നത്.
കോഴിക്കോട് മാറ്റർ ലാബ് സാങ്കേതിക വിദഗ്ധരായ പിഎ തസ്‌ലിം, വി എ ആഫിക് എന്നിവർ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ യന്ത്രങ്ങൾ സഹിതം പരിശോധന നടത്തുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്തു. പരിശോധന ഫലം വന്ന ഉടനെ കെട്ടിടം പൊളിച്ചുമാറ്റി നിർമ്മാണം ആരംഭിക്കുമെന്നും ഇതിനു മുമ്പായി വ്യാപാരികളുടെ യോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി അറിയിച്ചു. കാലപ്പഴക്കം കൊണ്ട് ജീർണിച്ച കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ അടർന്നു വീണത് നേരത്തെ വലിയ വാർത്തയായിരുന്നു. ദിവസേന നൂറിലധികം ബസ്സുകൾ യാത്രക്കാരെ കൊണ്ട് കയറി ഇറങ്ങുന്ന ബസ്സ് സ്റ്റാൻഡിലെ കെട്ടിടം അപകടാവസ്ഥയിലായതിനാലാണ് കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഗ്രാമപഞ്ചായത്ത് ദ്രുത ഗതിയിൽ നടപടി സ്വീകരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,അസിസ്റ്റന്റ് എഞ്ചിനീയർ ജി എസ് അമൃത,മെമ്പർ കണേക്കൽ അബ്ബാസ് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ഓവർസിയർ റിൻഷ എന്നിവർ പരിശോധനയിൽ സന്നിഹിതരായി.