വാഹനാപകടത്തില്‍ ജീവന്‍ തിരിച്ചുകിട്ടി ചികിത്സയില്‍ കഴിയുന്ന ഋഷഭ് പന്തിനു പകരം ഡല്‍ഹി നായകനാകാന്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍.
അക്സര്‍ പട്ടേലാകും ഉപനായകന്‍. ഡിസംബര്‍ 30ന് ഉത്തരാഖണ്ഡില്‍ നടന്ന വാഹനാപകടത്തിലാണ് പന്തിന് പരിക്കേറ്റത്. ഇതിനകം നിരവധി ശസ്ത്രക്രിയകള്‍ കഴിഞ്ഞ താരം ഇനിയെന്ന് കളിക്കളത്തില്‍ തിരിച്ചെത്തുമെന്നുറപ്പില്ല. ആറുമാസമെങ്കിലും വിശ്രമിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് കണക്കിലെടുത്താണ് പകരം നായകനെ ഡല്‍ഹി തെരഞ്ഞെടുത്തത്.
ഒക്ടോബര്‍- നവംബറിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും താരത്തിന്റെ സാന്നിധ്യം ഉണ്ടാകുമോയെന്നറിയില്ല. 2009, 2013 സീസണുകളില്‍ ഡല്‍ഹിയുടെ നായകനായിരുന്നു വാര്‍ണര്‍. 2014ല്‍ ഹൈദരാബാദിലേക്ക് മാറിയ താരം ഒരു വര്‍ഷം കഴിഞ്ഞ് അവിടെയും നായകനായി. 2016ല്‍ ടീം ഐ.പി.എല്‍ ചാമ്ബ്യന്മാരുമായി.
പന്ത് ഡല്‍ഹിയുടെ മികച്ച നായകനായിരുന്നുവെന്ന് പുതിയ ദൗത്യം ഏറ്റെടുത്ത വാര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ സീസണ്‍ ഐ.പി.എല്ലില്‍ ഡല്‍ഹിയുടെ ടോപ് സ്കോററായിരുന്നു വാര്‍ണര്‍. ഏപ്രില്‍ ഒന്നിന് ലഖ്നോ സൂപര്‍ ജയന്റ്സിനെതിരെയാകും ടീമിന്റെ ആദ്യ മത്സരം.