മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റം പിന്‍വലിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് എംപി ബിനോയ് വിശ്വം

Jotsna Rajan

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

രാഷ്ട്രപതിഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് മാറ്റം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് സി.പി.ഐ. എം.പി ബിനോയ് വിശ്വം. ദില്ലിയുടെ ചരിത്രത്തിലെ പ്രധാനഘടകങ്ങളിലൊന്നാണ് പേരുമാറ്റത്തിലൂടെ നഷ്ടമായിരിക്കുന്നത്, ബിനോയ് വിശ്വം കത്തില്‍ വിമര്‍ശിക്കുന്നു.


ഒരു സാമ്രാജ്യത്തിന്റെ ഭാഗമെന്ന നിലയ്ക്ക്, മുഗള്‍ ഭരണകര്‍ത്താക്കളുടെ ചെയ്തികളില്‍ നല്ലതും ചീത്തയുമുണ്ട്. ഇക്കാര്യം ഹിന്ദു സാമ്രാജ്യങ്ങളുടെ കാര്യത്തിലും ശരിയാണ്, ബിനോയ് വിശ്വം കത്തില്‍ പറയുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നും വിഷയത്തില്‍ ചരിത്രകാരന്മാര്‍, പണ്ഡിതര്‍, അക്കാദമികരംഗത്തെ പ്രമുഖര്‍ തുടങ്ങിയവരുമായി ചര്‍ച്ചചെയ്യണമെന്നും എം.പി. രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു.


പേരുമാറ്റാനുള്ള തീരുമാനം ഏകപക്ഷീയവും ദൗര്‍ഭാഗ്യകരവുമാണെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാനാകാത്ത ഭാഗമാണ് മുഗള്‍ കാലഘട്ടം. മുഗള്‍ എന്ന പദത്തെ ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാനുള്ള ശ്രമം ഇന്ത്യന്‍ ചരിത്രത്തെ മാറ്റിയെഴുതാനുള്ള നീക്കമായി മാത്രമേ കാണാനാകൂ എന്നും ബിനോയ് വിശ്വം എംപി കത്തില്‍ പറയുന്നു.


രാഷ്‌ട്രപതി ഭവനിലെ പ്രശസ്‌ത ഉദ്യാനമായ മുഗൾ ഗാർഡൻസിന്റെ പേര്‌ മാറ്റി കേന്ദ്ര സർക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ഭാഗമായി രാജ്‌ഭവൻ മേഖലയിൽ മുഗൾ ഗാർഡൻസ്‌ എന്ന്‌ രേഖപ്പെടുത്തിയ സൂചനാ ബോർഡുകൾ ബുൾഡോസറുകൾകൊണ്ട്‌ നീക്കിയിരുന്നു. അമൃത്‌ ഉദ്യാൻ എന്ന പുതിയ സൂചനാ ബോർഡുകൾ ഇവിടങ്ങളിൽ സ്ഥാപിച്ചു.


ബ്രിട്ടീഷ് ഭരണകാലത്ത് ദില്ലിയിലെ ഭരണസിരാകേന്ദ്രങ്ങളുടെ നിര്‍മാണ വേളയില്‍ പണികഴിപ്പിച്ചതാണ് മുഗള്‍ ഗാര്‍ഡന്‍. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണികഴിപ്പിച്ച കശ്മീര്‍ ഉദ്യാനത്തിന് സമാനമായ മാതൃകയില്‍ പണികഴിപ്പിച്ചതിനാലാണ് ഇതിന് മുഗള്‍ ഉദ്യാനം എന്ന പേര് നല്‍കിയത്.


സാമ്രാജ്യത്വ കാലഘട്ടത്തിന്റെ സ്വാധീനം രാജ്യത്ത് നിന്നും പൂര്‍ണമായി ഒഴിവാക്കുവാന്‍ വേണ്ടിയാണ് പേരുമാറ്റാന്‍ രാഷ്ട്രപതി ഭവന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ പേര് മാറ്റത്തിലൂടെ രാജ്യതലസ്ഥാനനഗരിയിലെ ഷാജഹാന്‍ ചക്രവര്‍ത്തിയുടേയും മുഗള്‍ കാലഘട്ടത്തിന്റെയും ഓര്‍മകള്‍ കൂടിയാണ് മാഞ്ഞുപോകുന്നത്. മുഗള്‍ ചരിത്രം ആരും ഓര്‍ക്കരുത് എന്ന ഹിന്ദുത്വ അജണ്ട കൂടിയാണ് കേന്ദ്രത്തിന്റെ ഈ പേരുമാറ്റ തീരുമാനത്തിന് പിന്നിലുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്. രാജ്പഥ് പേര് മാറ്റി കര്‍ത്തവ്യ പഥ് ആക്കിയതിന് പിന്നാലെയാണ് ഈ നടപടി.

Share on

Tags