പയ്യന്നൂര്‍: മസാജ് -സ്പാ സെന്ററുകള്‍ നടത്തുന്നവരെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുന്ന സംഘത്തിലെ രണ്ടുപേരെ പരിയാരം പൊലീസ് സാഹസികമായി പിടികൂടി.
ശ്രീസ്ഥയിലെ കൊളങ്ങരത്ത് വീട്ടില്‍ ഷിജില്‍ (32), ചിതപ്പിലെ പൊയിലിലെ അബ്ദു (22)എന്നിവരെയാണ് ബുധനാഴ്ച പുലര്‍ച്ച ഒരുമണിയോടെ പിടികൂടിയത്.
കൊച്ചി സിറ്റിയിലെ കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളെ പിടികൂടിയത്. മുഖ്യപ്രതി കോരന്‍പീടിക സ്വദേശി നിസാമുദ്ദീന്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ കടവന്ത്രയില്‍ നിന്നെത്തിയ എസ്.ഐ മിഥുന്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.
മുഖ്യപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരെയും വാഹനം ഏര്‍പ്പെടുത്തിയവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ സ്റ്റേഷന്‍ പരിധിയിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുതല്‍ മഫ്തിയിലും യൂനിഫോമിലുമായി പൊലീസ് സ്ഥലത്തുണ്ടായിരുന്നു.
പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കി വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബൈക്കിലും പൊലീസ് വാഹനത്തിലും പിന്തുടര്‍ന്നാണ് പിടികൂടിയത്. എ.എസ്.ഐ വനജ, സീനിയര്‍ സി.പി.ഒമാരായ നൗഫല്‍, അഷ്റഫ്, സോജി അഗസ്റ്റിന്‍, ഡ്രൈവര്‍ മഹേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
മസാജ് -സ്പാ സെന്ററുകളില്‍ സ്വന്തക്കാരെ പറഞ്ഞയച്ച് അനുവദനീയമല്ലാത്ത കാര്യങ്ങള്‍ നടത്തിയത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് ഉടമകളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയുമാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു. ഹണിട്രാപ്പിന് സമാനമായ രീതിയിലുള്ള പുതിയ തട്ടിപ്പാണിത്.
സംസ്ഥാനത്തെ നിരവധി മസാജ് പാര്‍ലര്‍ ഉടമകളില്‍നിന്ന് സംഘം പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. നിസാമുദ്ദീനാണ് സംഘത്തിന്റെ തലവന്‍. ഇയാള്‍ക്കുവേണ്ടി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.