തലശ്ശേരി: അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന് രക്ഷപ്പെട്ട യുവാവ് മണിക്കൂറുകള്‍ക്കകം കോഴിക്കോട്ട് പൊലീസ് പിടിയിലായി.
തൃശൂര്‍കയ്പമംഗലം സ്വദേശി നവേന്ദ്രനാഥനാണ് (39) പിടിയിലായത്. തലശ്ശേരിയില്‍ നിന്നും മോഷ്ടിച്ച നാല് ഫോണുകള്‍ കോഴിക്കോട് മിഠായിതെരുവിനടുത്ത കടയില്‍ വില്‍ക്കാന്‍ എത്തിച്ചപ്പോഴാണ് യുവാവ് പിടിയിലായത്.
കടയിലുള്ളവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് ഫോണുകള്‍ തലശ്ശേരിയില്‍ നിന്നും കവര്‍ന്നതാണെന്ന് പുറത്തുവന്നത്. നഗരത്തിലെ ഒരു ലോഡ്ജ്, താമസസ്ഥലം എന്നിവിടങ്ങളില്‍ നിന്നാണ് അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ അപഹരിച്ചത്.
തലശ്ശേരിയിലെ ക്ലാസിക് ലോഡ്ജ് ജീവനക്കാരന്‍ കണ്ണൂര്‍ ചിറക്കല്‍ കീരിയാട്ടെ ടി.പി. ഹൗസില്‍ മുഹമ്മദ് ഫയാസിന്റെയും ഗുഡ്സ്ഷെഡ് റോഡിനടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഹോട്ടല്‍ തൊഴിലാളി പശ്ചിമ ബംഗാളിലെ ജോസഫ് ഒറിയോന്‍, ഒപ്പം താമസിക്കുന്ന രണ്ട് കൂട്ടുകാര്‍ ഉള്‍പെടെയുള്ളവരുടെ നാല് ഫോണുകളാണ് പ്രതിയില്‍നിന്നും കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ നിന്നും പൊലീസ് സംഘം കോഴിക്കോട്ടെത്തി പ്രതിയെ ഏറ്റുവാങ്ങി തലശ്ശേരിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.