ശബരിമല: നാളെ മകരവിളക്കിനായി ശബരിമല സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. സന്നിധാനത്ത് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും.
തുടര്‍ന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകള്‍ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ നടക്കും. 12.30ന് 25 കലശപൂജയും തുടര്‍ന്ന് കളഭാഭിഷേകവും നടക്കും. ഇന്നും നാളെയും വേര്‍ച്വല്‍ ബുക്കിങ് ഉണ്ടായിരിക്കില്ല. 2000 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്.
പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകുന്നേരം 5.30 ന് ശരംകുത്തിയിലെത്തും. പുലര്‍ച്ചെ രണ്ട് മണിക്ക് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര തുടങ്ങിയത്.
ഇന്നലെ വിവിധ ഇടങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് തിരുവാഭരണം ദര്‍ശിക്കാനും സ്വീകരണം നല്‍കാനും ഉണ്ടായിരുന്നത്. ളാഹ സത്രത്തിലാണ് ഇന്ന് രാത്രിയില്‍ വിശ്രമം. നാളെ കാനന പാത വഴി സഞ്ചരിച്ച് ഘോഷയാത്ര സന്നിധാനത്തെത്തും. പന്തളം കൊട്ടാര കുടുംബാഗം മരിച്ചതിനാല്‍ രാജപ്രതിനിധി ഇല്ലാതെയാണ് ഘോഷയാത്ര.