പാല്‍ വില കൂടും,5 രൂപ വരെ കൂട്ടേണ്ടി വരും, തീരുമാനം രണ്ട് ദിവസത്തിനകം-മന്ത്രി ചിഞ്ചുറാണി

Jotsna Rajan

Calicut

Last updated on Nov 23, 2022

Posted on Nov 23, 2022

തിരുവനന്തപുരം : സംസ്ഥാനത്ത് പാല്‍ വില കൂടുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. അഞ്ച് രൂപ എങ്കിലും കൂട്ടേണ്ടി വരും.

വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണിപ്പോള്‍. രണ്ട് ദിവസത്തിനുളളില്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

മില്‍മ ശുപാര്‍ശ ചെയ്യുന്നത് എട്ട് രൂപ 57 പൈസയുടെ വര്‍ധനയാണ്.സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഇരിക്കുന്നത് 5 രൂപ വര്‍ധന. വര്‍ധിപ്പിക്കുന്ന തുകയില്‍ 82% കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാര്‍ജ് ആയി മില്‍മയുടെ കയ്യില്‍ എത്തും

അതേസമയം വില വര്‍ധനയുടെ നേട്ടം ക്ഷീര ക‍‌ര്‍ഷകര്‍ക്ക് കിട്ടുമോ എന്നതില്‍ ഒരു ഉറപ്പും ഇല്ല. വില വര്‍ധനയുടെ നേട്ടം എല്ലായ്പ്പോഴും മില്‍മയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്ന് ക്ഷീരകര്‍ഷര്‍ പറയുന്നുണ്ട്. നിലവില്‍ കര്‍ഷകരില്‍ നിന്ന് മില്‍മ പാല്‍ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതല്‍ 39 രൂപ വരെ നല്‍കിയാണ്. ഈ പാല്‍ മില്‍മ വില്‍ക്കുന്നത് ലീറ്ററിന് 50 രൂപയ്ക്ക്.സംഭരണ വിതരണ വിലയിലെ അന്തരം 13 രൂപയാണ്.

സംസ്ഥാന ക്ഷീര വികസന വകുപ്പും മില്‍മയും സംയുക്തമായി നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയത് ക്ഷീരകര്‍ഷകന്‍ ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്നത് 9 രൂപ നഷ്ടത്തിലാണ് എന്നാണ്. ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാനുള്ള ചെലവ് 46 രൂപ 75 പൈസയെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ തുകയുടെ 5% ലാഭം കര്‍ഷകന് ഉറപ്പാക്കണം എന്നും സമിതി നിര്‍ദേശിച്ചു.

കേരളത്തില്‍ പ്രതിദിനം 16 ലക്ഷം ലിറ്റര്‍ പാല്‍ വേണം. എന്നാല്‍ ഉല്‍പാദനം 13 ലക്ഷം ലിറ്റര്‍ പാല്‍ മാത്രം ആണ്.ബാക്കി പാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വലിയ നഷ്ടം സഹിച്ചാണ് എത്തിക്കുന്നത്. ഈ നഷ്ടം നികത്തണം . സഹകരണ സംഘങ്ങള്‍ക്ക് വിഹിതം കൊടുക്കണം. വിതരണക്കാര്‍ക്കാവശ്യമായ കമ്മീഷന്‍ കൊടുക്കണം.ഇതാണ് മില്‍മയുടെ നിലപാട്.


Share on

Tags