കോഴിക്കോട്: പ്രകൃതിസൗഹൃദമെന്ന നിലയ്ക്ക് സര്‍ക്കാര്‍ വായ്പ നല്‍കിയും സബ്സിഡി നല്‍കിയും നിരത്തിലിറക്കിയ ഇലക്‌ട്രിക് ഓട്ടോകള്‍ പ്രതിസന്ധിയില്‍.
2019ലാണ് ഇലക്‌ട്രിക് ഓട്ടോകള്‍ നിരത്തിലിറങ്ങിയത്. എന്നാല്‍ കമ്ബനികളുടെ നിരുത്തരവാദപരമായ സമീപനം മൂലം ഇലക്‌ട്രിക് ഓട്ടോകള്‍ എടുത്ത തങ്ങള്‍ കടക്കെണി മൂലം ആത്മഹത്യയുടെ വക്കിലാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
മൂന്നര ലക്ഷം ചെലവഴിച്ച് 200 ഓളംപേരാണ് ജില്ലയില്‍ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കിയത്. തുടക്കത്തില്‍ വളരെനന്നായി ഓടുകയും നല്ല വരുമാനം നേടുകയും ചെയ്തെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞതോടെ ഓട്ടോറിക്ഷകളുടെ മെെലേജ് നേര്‍ പകുതിയായി. ഓട്ടോകള്‍ക്ക് 130 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിക്കുമെന്നായിരുന്നു മഹീന്ദ്ര കമ്ബനി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ 60 മുതല്‍ 70 കിലോമീറ്റര്‍ മാത്രമാണ് ഓട്ടോറിക്ഷകള്‍ക്ക് ലഭിക്കുന്നത്.
പിയാജിയോ കമ്ബനി 60 കിലോമീറ്റര്‍ വാഗ്ദാനം നല്‍കുമ്ബോഴും 40 കിലോ മീറ്റര്‍ ഓടിയാല്‍ വീണ്ടും ചാര്‍ജ് ചെയ്യേണ്ട അവസ്ഥയിലാണ്. മാത്രമല്ല, സ്പെയര്‍ പാര്‍ട്സുകളുടെ ലഭ്യതയും നിലനില്‍ക്കുന്നുണ്ട്. ഇതുമൂലം കമ്ബനി പറയുന്ന 10000ത്തോളം രൂപ നല്‍കിയാണ് തൊഴിലാളികള്‍ സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നത്.
ചാര്‍ജിംഗ് സ്റ്റേഷനുകളിലും സര്‍വീസ് സ്റ്റേഷനുകളിലും ടെക്‌നീഷ്യന്‍മാരില്ലാത്തതും തൊഴിലാളികള്‍ക്ക് തിരിച്ചടിയാവുകയാണ്. സര്‍വീസ് ചെയ്യാന്‍ കൊടുത്താല്‍ 30, 40 ദിവസം കഴിഞ്ഞാണ് ലഭിക്കുന്നത്. ചാര്‍ജിംഗ് സ്റ്റേഷനില്‍ ആളില്ലാത്തതിനാല്‍ സ്വമേധയാ ഓപ്പറേറ്റ് ചെയ്യണ്ട അവസ്ഥയിലാണെന്നും തൊഴിലാളികള്‍ പറയുന്നു. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ സിറ്റിയില്‍ വെെക്കം മുഹമ്മദ് ബഷീര്‍ റോഡ്, മാങ്കാവ് ,വെങ്ങാലി, മെഡിക്കല്‍ കോളേജ്, ചക്കോരത്ത് കുളം, കല്ലായി, ജയില്‍ റോഡ് എന്നിവിടങ്ങളില്‍ മാത്രമാണ് ചാര്‍ജിംഗ് പോയിന്റുകളുള്ളത്.
നേരിട്ട് ചാര്‍ജ് ചെയ്യുന്നതും ബാറ്ററി മാറ്റാവുന്നതുമായ രണ്ടുതരം ഇലക്‌ട്രിക് ഓട്ടോകളാണുളളത്. മൂന്ന് ബാറ്ററികള്‍ മാറ്റിയാല്‍ ഓടാന്‍ കഴിയുന്ന കൂടിയ ദൂരം 70 കി. മീറ്ററാണ്. ചാര്‍ജ് ചെയ്യുന്നവയാണെങ്കില്‍ നാല് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 130 കി.മി വരെ ഓടാം. അതിനാല്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് അധികം ദൂരം സര്‍വീസ് നടത്താന്‍ കഴിയില്ല.
വീടുകളില്‍ ചാര്‍ജ് ചെയ്യുന്നതിന് പ്രത്യേക മീറ്റര്‍ സൗകര്യങ്ങള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പൊതു ഇടങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വന്നാല്‍ മാത്രമേ ദീര്‍ഘദൂര യാത്രകള്‍ തടസമില്ലാതെ നടത്താന്‍ കഴിയൂ. ഇതുമൂലം സിറ്റിയ്ക്ക് പുറത്തേക്കുള്ള ഓട്ടം തൊഴിലാളികള്‍ പലപ്പോഴും ഒഴിവാക്കുകയാണ് പതിവ്. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് കമ്ബനികള്‍ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും നടപ്പിലാകുന്നില്ലെന്ന് കോഴിക്കോട് ജില്ലാ ഇലക്‌ട്രിക് ഓട്ടോ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കബീര്‍, സെക്രട്ടറി സുബീഷ്, ഗിരിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.