അടുത്ത സ്‌കൂള്‍ കലോത്സവം മുതല്‍ മാംസാഹാരം ഉള്‍പ്പെടുത്തും: വി.ശിവന്‍കുട്ടി

TalkToday

Calicut

Last updated on Jan 5, 2023

Posted on Jan 5, 2023

കോഴിക്കോട്: കേരള സ്‌കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ വെജ്, നോണ്‍ വെജ് ഭക്ഷണം വിളമ്ബുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

ഇതുമായി ബന്ധപ്പെട്ട് മാന്വലിലോ മറ്റ് നിയമത്തിലോ പരിഷ്‌കാരം വരുത്തണമെങ്കില്‍ അത് ചെയ്യും. ഇത്തവണ നോണ്‍വെജ് ഭക്ഷണം വിളമ്ബാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

'കുട്ടികളാണ് കഴിക്കുന്നത്. വീട്ടില്‍ നിന്ന് മാറി ഭക്ഷണം കഴിക്കുമ്ബോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കണം. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. രണ്ടു ദിവസത്തിനുള്ളില്‍ മാംസാഹാരം ഉള്‍പ്പെടുത്താന്‍ സാധ്യമാകുമോ എന്ന് പരിശോധിക്കും. സര്‍ക്കാറിനെ സംബന്ധിച്ച്‌ ഇക്കാര്യത്തില്‍ ഒരു ബുദ്ധിമുട്ടില്ലെന്നും ഇറച്ചിയും മീനും വിളമ്ബണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ലെന്നും അതില്‍ സന്തോഷമേയൊള്ളൂ എന്നും മന്ത്രി പറഞ്ഞു.

കലോത്സവത്തിന്‍റെ ഭക്ഷണത്തെച്ചൊല്ലിയുള്ള വി.ടി ബല്‍റാമിന്‍റെ പ്രസ്താവനയോടും വി.ശിവന്‍കുട്ടി പ്രതികരിച്ചു. 'യു.ഡി.എഫ് കാലത്ത് വി.ടി ബല്‍റാം ഉറങ്ങുകയായിരുന്നോ? പെട്ടെന്ന് എങ്ങനെയാണു ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഇതൊക്കെ കലോത്സവം നന്നായി നടന്നുപോകുന്നതിലുള്ള അസൂയയും കുശമ്ബുമാണ്. അതില്‍ രാഷ്ട്രീയം കാണുകയാണെന്നും മന്ത്രി പറഞ്ഞു.


Share on

Tags