അഗര്‍ത്തല: തുടര്‍ച്ചയായ രണ്ടാം തവണയും ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. സാഹയെക്കൂടാതെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മന്ത്രിസഭയില്‍ നാലു പേര്‍ പുതുമുഖമാണ്. കഴിഞ്ഞ മന്ത്രിസഭയിലെ നാലുപേരെ നിലനിര്‍ത്തി. സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്കും മന്ത്രിസഭയില്‍ ഇടം നല്‍കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും അഗര്‍ത്തലയിലെ വിവേകാനന്ദ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
തിങ്കളാഴ്ച നടന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തിലാണ് മാണിക് സാഹയെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ നേതൃത്വത്തിലായിരുന്നു യോഗം. നിയമസഭ തെരഞ്ഞെടുപ്പിന് ഒമ്ബത് മാസം മുമ്ബാണ് ബിപ്ലവ് കുമാര്‍ ദേവിനെ മാറ്റി സാഹയെ മുഖ്യമന്ത്രിയാക്കിയത്. 2016ലാണ് മാണിക് സാഹ ബി.ജെ.പിയില്‍ ചേര്‍ന്നത്.