ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് നേടാൻ മലയാളി രാശി?; ലോകകപ്പ് സ്വന്തമാക്കിയ നാല് ടീമിലും മലയാളി സാന്നിധ്യം

TalkToday

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

ഇന്ത്യൻ ക്രിക്കറ്റ് ആകെ നേടിയത് 9 ലോകകപ്പുകളാണ്. അണ്ടർ 19 പുരുഷ ലോകകപ്പ് അഞ്ചെണ്ണം, ഏകദിന ലോകകപ്പ് രണ്ട് തവണ, ഒരു ടി-20 ലോകകപ്പ്, ഒരു അണ്ടർ 19 വനിതാ ലോകകപ്പ്. ഇതിൽ അണ്ടർ 19 പുരുഷ ലോകകപ്പ് മാറ്റിനിർത്തിയാൽ ബാക്കി നാല് ലോകകപ്പ് ടീമുകളിലും മലയാളി സാന്നിധ്യമുണ്ട്.

1983ൽ കപിലിൻ്റെ ചെകുത്താന്മാർ ആദ്യമായി ഒരു ലോകകപ്പ് നേടുമ്പോൾ ടീമിലുണ്ടായിരുന്ന മലയാളി സാന്നിധ്യം സുനിൽ വത്സണായിരുന്നു. ആന്ധ്രയിൽ ജനിച്ച് ഡൽഹി, റെയിൽവേയ്സ്, തമിഴ്നാട് ടീമുകൾക്കായാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചതെങ്കിലും സുനിൽ മലയാളി ആയിരുന്നു. ഇടം കൈയ്യൻ ഫാസ്റ്റ് ബൗളറായ സുനിൽ 83 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാത്ത ഒരേയൊരു താരമായിരുന്നു.

2007 ലെ പ്രഥമ ടി-20 ലോകകപ്പിൽ പാകിസ്താനെ വീഴ്ത്തി എംഎസ് ധോണിയും സംഘവും കപ്പടിക്കുമ്പോൾ ടീമിൽ ശ്രീശാന്തുണ്ടായിരുന്നു. സുനിലിനെപ്പോലെയല്ല, ശ്രീശാന്ത് ടീമിനെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ 4 ഓവർ എറിഞ്ഞ് 12 റൺസ് വഴങ്ങി ഹെയ്ഡൻ്റെയും ഗിൽക്രിസ്റ്റിൻ്റെയും നിർണായക വിക്കറ്റുകൾ എടുക്കുകയും ഫൈനലിൽ പാകിസ്താൻ്റെ അവസാന വിക്കറ്റായ മിസ്ബാഹുൽ ഹഖിൻ്റെ ക്യാച്ച് പിടിയിലൊതുക്കിയും ചെയ്ത് ശ്രീ ലോകകപ്പ് അവിസ്‌മരണീയമാക്കി.

2011ൽ എംഎസ് ധോണിയുടെ നേതൃത്വത്തിൽ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിൽ ശ്രീശാന്തുണ്ടായിരുന്നു. പന്തെറിഞ്ഞ് തല്ലുവാങ്ങിയെങ്കിലും ശ്രീ ടീമിലുണ്ടായിരുന്നു.

ഇന്നലെ പ്രഥമ അണ്ടർ 19 ലോകകപ്പ് നടന്നപ്പോൾ റിസർവ് നിരയിൽ ഒരു മലയാളി ഉണ്ടായിരുന്നു. മലപ്പുറം തിരൂരുകാരി നജ്ല സിഎംസി. റിസർവ് നിരയിൽ ആയിരുന്നതിനാൽ ഒരു മത്സരം പോലും കളിച്ചിക്കാൻ താരത്തിനു സാധിച്ചില്ല. എന്നാൽ, ലോകകപ്പിനു മുൻപ് ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടി-20 പരമ്പരയിലെ നാലാം മത്സരത്തിൽ 3 ഓവർ പന്തെറിഞ്ഞ നജ്ല 4 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയിരുന്നു.


Share on

Tags