യുകെയില്‍ മലയാളി നഴ്‌സും രണ്ടു മക്കളും കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

TalkToday

Calicut

Last updated on Dec 16, 2022

Posted on Dec 16, 2022

ലണ്ടന്‍: യുകെയില്‍ താമസസ്ഥലത്ത് മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ട നിലയില്‍. ഇവിടെ നഴ്‌സായി ജോലിചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40‍) മക്കളായ ജാന്‍വി (4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്‍റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി ചെലേവാലന്‍ സാജു(52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗില്‍ വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. അഞ്ജു മരിച്ച നിലയിലായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുകെയില്‍ സര്‍ക്കാര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്.

ഭര്‍ത്താവ് സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സാജുവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


Share on

Tags