കോട്ടയം: വീട് വാടകയ്ക്കെടുത്ത് കംപ്യൂട്ടറും പ്രിന്ററും ഉപയോഗിച്ച് കള്ളനോട്ട് നിര്‍മാണം നടത്തിവന്ന അമ്മയും മകളും ഒടുവില്‍ പോലീസ് പിടിയിലായി.
ആലപ്പുഴ അമ്ബലപ്പുഴ കലവൂര്‍ ക്രിസ്തുരാജ് കോളനിയില്‍ പറമ്ബില്‍ വീട്ടില്‍ വിലാസിനി (68), മകള്‍ ഷീബ(34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. കോട്ടയം കുറിച്ചി കാലായിപ്പടിയില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു കള്ളനോട്ട് നിര്‍മാണം. കഴിഞ്ഞദിവസം കോട്ടയം നഗരത്തിലെ കടയില്‍ ലോട്ടറി വാങ്ങാനെന്ന വ്യാജേനയെത്തി കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് വിലാസിനി പിടിയിലായത്. ഇവരുടെ ബാഗില്‍നിന്ന് 100 രൂപയുടെ 14 വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ ഒളിച്ചുവെച്ചിരുന്ന 500 രൂപയുടെ മുപ്പത്തൊന്നും 200 രൂപയുടെ ഏഴും, 100 രൂപയുടെ നാലും, 10 രൂപയുടെ എട്ടും വ്യാജനോട്ടുകളും, നോട്ട് നിര്‍മാണത്തിനുപയോഗിച്ചിരുന്ന ലാപ്ടോപ്പും, പ്രിന്ററും, സ്കാനറും പിടിച്ചെടുത്തു.
ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു പഠിച്ചാണ് കള്ളനോട്ടുകള്‍ ഉണ്ടാക്കിയതെന്ന് മകള്‍ പോലീസിനോട് പറഞ്ഞു. ഇത് അമ്മ ലോട്ടറി കച്ചവടക്കാര്‍ക്കും, മാര്‍ക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാര്‍ക്കും കൊടുത്തു മാറുകയായിരുന്നുവെന്നും ചോദ്യംചെയ്യലില്‍ മകള്‍ പോലീസിനോട് പറഞ്ഞു.ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. എസ്.ഐ. ടി. ശ്രീജിത്ത്, സി.പി.ഒ.മാരായ എ.സി. ജോര്‍ജ്, മഞ്ജുള, സി.എച്ച്. ഷാഹിന, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡുചെയ്തു.