മാവൂര്‍: കോഴിക്കോട് മാവൂര്‍ കല്‍പള്ളിയില്‍ സ്കൂട്ടറുമായി കൂട്ടിയിച്ച സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം.
സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്കൂട്ടര്‍ യാത്രികനായ മാവൂര്‍ അടുവാട് സ്വദേശി അര്‍ജുന്‍ സുധീര്‍ (37) ആണ് മരിച്ചത്. സ്കൂട്ടറില്‍ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. സ്കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം.

കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന അതുല്‍ ബസാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ച് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മാവൂര്‍ -കോഴിക്കോട് റോഡില്‍ കല്‍പള്ളി ഗ്രൗണ്ടിന് എതിര്‍വശത്തേക്കാണ് ബസ് മറിഞ്ഞത്. മാവൂര്‍ പൊലീസും മുക്കത്തുനിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പെട്ട ഇലക്‌ട്രിക് സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.