ചെന്നൈ: മദ്യവില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
മദ്യം വാങ്ങാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. 21 വയസ്സ് തികയാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തണം. ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ മദ്യം വാങ്ങാനും കഴിക്കാനും പറ്റുകയുള്ളൂവെന്ന് ഉറപ്പാക്കുകയും വേണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ പലരും മദ്യത്തിന് അടിമയാകുകയും മദ്യാസക്തി വര്‍ധിക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം വേണമെന്ന കോടതിയുടെ ആവശ്യം. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10വരെ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്മാക് മദ്യശാലകളുടെ വില്‍പ്പനസമയം ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെയാക്കി ചുരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ആര്‍ മഹാദേവന്റെയും ജസ്റ്റിസ് സത്യനാരായണ പ്രസാദിന്റെയും ബെഞ്ചാണ് നിര്‍ദേശങ്ഹള്‍ മുന്നോട്ടുവച്ചത്.
ബാര്‍, പബ്ബ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനസമയം കുറയ്ക്കണമെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ടുഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശങ്ങള്‍. മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കേണ്ടതും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.